പുളിപ്പിച്ച ഭക്ഷണങ്ങൾ നല്ലതോ ? ബോളിവുഡ് താരങ്ങളുടെ ബ്രേക്ക്ഫാസ്റ്റ് സീക്രട്ട്
ബോളിവുഡ് താരം അനുഷ്ക ശർമ്മ മുതൽ ഷാഹിദ് കപൂർ വരെയുള്ള നിരവധി പ്രഭാതഭക്ഷണമായി ഇഡ്ഡലി തിരഞ്ഞെടുക്കുന്നതാണ് ശ്രദ്ധേയമായത്. ദഹനത്തിന് സഹായകമായ ഈ മൃദുവായ വിഭവം പ്രതിരോധശേഷി വർധിപ്പിക്കാനും ഗുണകരമാണ്. കൂടാതെ, പുളിപ്പിച്ച ഭക്ഷണങ്ങൾ രണ്ടാഴ്ചത്തേക്ക് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രോബയോട്ടിക്സുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇവ ദഹനം മെച്ചപ്പെടുത്തുന്നതിലൂടെയും പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് വർദ്ധിപ്പിക്കുന്നതിലൂടെയും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലൂടെയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്ന് ചെന്നൈയിലെ ശ്രീ ബാലാജി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ദീപലക്ഷ്മി പറയുന്നു.
എന്നാൽ എല്ലായിപ്പോഴും ഇത് ആരോഗ്യത്തിന് ഗുണകരമാകണമെന്നില്ല. വളരെ ശ്രദ്ധയോടെ ഇവ പാകം ചെയ്ത് കഴിച്ചില്ലെങ്കിൽ അപകട സാധ്യത ഏറെയുണ്ട്.
“മിസോ (Miso), സോവർക്രാട്ട് (Sauerkraut) തുടങ്ങിയ പല പുളിപ്പിച്ച ഭക്ഷണങ്ങളിലും സോഡിയത്തിന്റെ അളവ് കൂടുതലാണ്, ഇത് അമിതമായി കഴിച്ചാൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമായേക്കാം. ആദ്യമായി പ്രോബയോട്ടിക്സ് ഉപയോഗിച്ചു തുടങ്ങുന്നവർക്ക് കുടൽ അതുമായി പൊരുത്തപ്പെടുന്നത് വരെ വയർ വീർക്കുന്നതോ ഗ്യാസോ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം,” എന്ന് ദീപലക്ഷ്മി പറയുന്നു. കൂടാതെ, തൈര് പോലുള്ള പാൽ ഉൽപ്പന്നങ്ങളോടുള്ള അലർജിയും ശ്രദ്ധിക്കേണ്ടതുണ്ട്.
അശാസ്ത്രീയമായ രീതിയിൽ ഭക്ഷണം പുളിപ്പിക്കുന്നത് ഭക്ഷണത്തിലൂടെയുള്ള രോഗങ്ങൾക്കും കാരണമായേക്കാം, അതിനാൽ ഉയർന്ന നിലവാരമുള്ളതോ സുരക്ഷിതമായ സാഹചര്യത്തിൽ തയ്യാറാക്കിയതോ ആയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണെന്നും ഡയറ്റീഷ്യൻ കൂട്ടിച്ചേർത്തു. മിതമായ അളവിൽ കഴിക്കുന്നതും ശരിയായ രീതിയിൽ തയ്യാറാക്കുന്നതുമാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പോംവഴി.
പ്രഭാതഭക്ഷണത്തിൽ ഏതൊക്കെ പുളിപ്പിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്താം?
തൈര് അല്ലെങ്കിൽ കെഫീർ (Kefir): പ്രോബയോട്ടിക്സുകളാൽ സമ്പന്നമായ ഇവ പഴങ്ങൾ, നട്സ്, അല്ലെങ്കിൽ വിത്തുകൾ എന്നിവയ്ക്കൊപ്പം പ്രഭാതഭക്ഷണമായി കഴിക്കാം.
ഇഡ്ഡലി അല്ലെങ്കിൽ ദോശ: അരിയും ഉഴുന്നും പുളിപ്പിച്ചുണ്ടാക്കുന്ന ഇത്തരം പരമ്പരാഗത വിഭവങ്ങൾ രുചികരവും കുടലിന്റെ ആരോഗ്യത്തിന് ഉത്തമവുമാണ്.
മിസോ സൂപ്പ്: കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് രുചികരമായ ഒരു വിഭവമാണിത്.
അച്ചാറുകൾ അല്ലെങ്കിൽ സോവർക്രാട്ട്: ചെറിയ അളവിൽ ടോപ്പിംഗുകളായി ഇവ ചേർക്കുന്നത് ഭക്ഷണത്തിന് നല്ല രുചി നൽകും.
DISCLAIMER: നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.