നല്ല ചൂട് ബീഫ് കട്‌ലറ്റ് ആയാലോ ?

 


വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീഫ് കട്‌ലറ്റ്. സ്വാദൂറും ബീഫ് കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

നെയ്യില്ലാത്ത ബീഫ് അര കിലോ
സവാള 1 എണ്ണം
വെളുത്തുള്ളി 2 ടീസ്പൂൺ (പൊടിയായി അരിഞ്ഞത്)
ഇഞ്ചി 2 ടീസ്പൂൺ (പൊടിയായി അരിഞ്ഞത്)
കറിവേപ്പില 2 തണ്ട്
ഉരുളക്കിഴങ്ങ് 2 എണ്ണം (വേവിച്ചത്)
മുളകുപൊടി 1 ടീസ്പൂൺ
മല്ലിപൊടി 1 ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
എണ്ണ ആവശ്യത്തിന്
മുട്ട 1 എണ്ണം
ഉപ്പ് ആവശ്യത്തിന്
ബ്രെഡ് ക്രമ്പ്സ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം ബീഫ് വേവിക്കണം. അൽപം ഉപ്പും കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് വേണം വേവിക്കാൻ. വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞു മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക.
ശേഷം മുട്ട നന്നായി അടിച്ചു മാറ്റിവയ്ക്കുക.
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റാം. ശേഷം സവാള വഴറ്റണം.

സവാള വഴറ്റി കഴിയുമ്പോൾ കറിവേപ്പില ചേർത്ത് നന്നായി വഴറ്റണം. ഇനി മുളകുപൊടിയും മല്ലിപൊടിയും മഞ്ഞൾ പൊടിയും ഗരം മസാലയും ചേർത്ത് കൊടുക്കാം.

വേവിച്ചു പൊടിച്ചു വച്ചിരിക്കുന്ന ബീഫും ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. നന്നായി ഡ്രൈ ആകുന്നത് വരെ വഴറ്റികൊടുക്കുക. ശേഷം തീ ഓഫ് ചെയ്യാം.
ചൂട് മാറി കഴിഞ്ഞ് ഉരുളക്കിഴങ്ങു പൊടിച്ചു ചേർത്തു നന്നായി തിരുമ്മി യോജിപ്പിക്കണം.

ഇനി ഉരുളകൾ ആക്കി കൈവെള്ളയിൽ വച്ച് പരത്തി ഇഷ്ടമുള്ള ആകൃതിയിലാക്കാം.ഇനി അത് മുട്ടയിൽ മുക്കി പിന്നെ ബ്രെഡ് ക്രമ്പ്സിൽ പൊതിഞ്ഞു എടുക്കുക. ശേഷം എണ്ണയിൽ വറുത്തു കോരിയെടുക്കാം.