യൂത്ത് ഇനി ഒടിടിയിൽ കാണാം
തമിഴ് യുവതാരം കെൻ കരുണാസ് രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി അരങ്ങേറ്റം കുറിച്ച ‘യൂത്ത്‘ തിയേറ്ററുകളിൽ വലിയ തരംഗമായി മാറുകയാണ്.
തമിഴ് യുവതാരം കെൻ കരുണാസ് രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി അരങ്ങേറ്റം കുറിച്ച ‘യൂത്ത്‘ തിയേറ്ററുകളിൽ വലിയ തരംഗമായി മാറുകയാണ്. പ്രശസ്ത തമിഴ് നടൻ കരുണാസിന്റെ മകനായ കെൻ ഒരുക്കിയ ഈ സ്കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമയ്ക്ക് ബോക്സ് ഓഫീസിൽ നിന്ന് ബ്ലോക്ക്ബസ്റ്റർ വിജയമാണ് ലഭിച്ചത്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് വിതരണത്തിനെത്തിച്ച ചിത്രം, മാർച്ച് 19-ന് വലിയ സിനിമകൾക്കൊപ്പം റിലീസ് ചെയ്തിട്ടും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. നിലവിൽ ആഗോളതലത്തിൽ 68 കോടി രൂപ കളക്ഷൻ നേടി ഒരു യുവതാര ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ‘യൂത്ത്’ സ്വന്തമാക്കി കഴിഞ്ഞു.
ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച അച്ഛൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുരാജും കെനും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രിയാണ് സിനിമയുടെ പ്രധാന ആകർഷണമായി മാറിയത്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനങ്ങൾ ഇതിനോടകം തന്നെ ട്രെൻഡ് ആയി മാറിക്കഴിഞ്ഞു. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം പാർവത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കറുപ്പയ്യ സി. റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
തിയേറ്ററിലെ ഗംഭീര വിജയത്തിന് ശേഷം സിനിമ ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് എത്തുകയാണ്. ഏപ്രിൽ 16 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ചിത്രം ഒടിടിയിൽ ലഭ്യമാകും. വിക്കി ഛായാഗ്രഹണവും നാഷ് എഡിറ്റിംഗും നിർവ്വഹിച്ച ഈ ചിത്രം ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളം, തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയെടുത്തത്.