261 സാക്ഷികൾ, എട്ടാം പ്രതി ദിലീപ് ,അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകൾ ; കേരളത്തെ പിടിച്ചുലച്ച  നടിയെ ആക്രമിച്ച കേസിന്റെ നാൾവഴി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ  അന്തിമ വിധി ഡിസംബര്‍ എട്ടിന് വരുമ്പോൾ അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയിൽനിന്നാണെന്നതും കേസിൽ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകളുമെല്ലാം കാരണം വിഷയം ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു.

 

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ  അന്തിമ വിധി ഡിസംബര്‍ എട്ടിന് വരുമ്പോൾ അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയിൽനിന്നാണെന്നതും കേസിൽ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകളുമെല്ലാം കാരണം വിഷയം ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു.

2018-ലാണ് കേസ് വിചാരണ തുടങ്ങിയത്. കോവിഡ് ലോക്‌ഡൗൺമൂലം രണ്ടുവർഷത്തോളം വിചാരണ തടസ്സപ്പെട്ടു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധിയൊന്നും പാലിക്കാൻ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.

പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവർഷം സെപ്റ്റംബറിൽ പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. 109 ദിവസമെടുത്തു ഇത് പൂർത്തിയാക്കാൻ. തുടർന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി ഈ വർഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ, നടപടിക്രമം നീണ്ടുപോയതോടെ അന്തിമവിധിപ്രസ്താവവും നീണ്ടു.


കേസ് ഒറ്റനോട്ടത്തിൽ

    261 സാക്ഷികൾ
    സാക്ഷിവിസ്താരത്തിനുമാത്രം 438 ദിവസം
    പ്രോസിക്യൂഷൻ ഹാജരാക്കിയത് 833 രേഖകൾ
    142 തൊണ്ടിമുതലുകൾ

നാൾവഴി

    2017 ഫെബ്രുവരി 17 - നടി ആക്രമിക്കപ്പെട്ടു.
    ഫെബ്രുവരി 18 - ഡ്രൈവർ മാർട്ടിൻ ആന്റണിയെ അറസ്റ്റുചെയ്തു.
    ഫെബ്രുവരി 19 - വടിവാൾ സലിം, പ്രദീപ് എന്നിവർകൂടി അറസ്റ്റിലായി
    ഫെബ്രുവരി 20 - മണികണ്ഠൻ അറസ്റ്റിൽ
    ഫെബ്രുവരി 23 - ഒന്നാംപ്രതിയായ പൾസർ സുനി അറസ്റ്റിൽ. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
    ജൂൺ 28 - കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ ചോദ്യംചെയ്തു
    ജൂലായ് 10 - ദിലീപ് അറസ്റ്റിൽ
    ഒക്ടോബർ മൂന്ന് - ഹൈക്കോടതി ദിലീപിന് ജാമ്യം നൽകി
    2018 മാർച്ച് എട്ട് - കേസിൽ വിചാരണനടപടി തുടങ്ങി
    2019 നവംബർ 29 - ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശം
    2021 ഡിസംബർ 25 - സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
    2022 ജനുവരി നാല് - ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് തുടരന്വേഷണത്തിന് അനുമതി
    2024 സെപ്റ്റംബർ 17 - പൾസർ സുനിക്ക്‌ ജാമ്യം അനുവദിച്ചു
    ഡിസംബർ 11 - അന്തിമവാദം തുടങ്ങി
    2025 ഏപ്രിൽ ഒൻപത് - പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി

പ്രതിപ്പട്ടികയിൽ ഇവർ

1. സുനിൽ എൻ.എസ്. (പൾസർ സുനി)

2. മാർട്ടിൻ ആന്റണി

3. ബി. മണികണ്ഠൻ

4. വി.പി. വിജീഷ്

5. എച്ച്. സലിം (വടിവാൾ സലീം)

6. പ്രദീപ്

7. ചാർലി തോമസ്

8. നടൻ ദിലീപ് (പി. ഗോപാലകൃഷ്ണൻ)

9. സനിൽകുമാർ (മേസ്തിരി സനിൽ)

10. ജി. ശരത് (പ്രതിപ്പട്ടികയിൽ 15-ാം സ്ഥാനത്ത്)

വിധി എട്ടിന്

നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി പറയും. നടൻ ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസ് ചൊവ്വാഴ്ചയാണ് വിചാരണ നടപടി പൂർത്തിയാക്കിയത്.

ഒന്നാംപ്രതി എൻ.എസ്. സുനിൽ (പൾസർ സുനി) ഉൾപ്പെടെ പത്തു പ്രതികളാണ് കേസിലുള്ളത്. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിൽ എട്ടുവർഷത്തിനുശേഷമാണ് വിധി വരുന്നത്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്‌പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.

പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.

സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പൾസർ സുനി ഉൾപ്പെടെയുള്ളവർ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.

2018 മാർച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാംകുറ്റപത്രം നൽകി. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു കെ. പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ആദ്യ പ്രതിപ്പട്ടികയിൽ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.