താര സംഘടനയുടെ തലപ്പത്തേക്ക് ശ്വേതയെത്തുമോ ? 

ജഗദീഷ് ഉള്‍പ്പെടെ ആറ് പേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

 

വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്.

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേ കുറിച്ച് മമ്മൂട്ടിയുമായും മോഹന്‍ലാലുമായും ജഗദീഷ് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.

വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അനുമതി ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജഗദീഷ് ഉള്‍പ്പെടെ ആറ് പേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് ബാക്കിയുളളവര്‍.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ രവീന്ദ്രനും പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാത്രമായിരിക്കും അദ്ദേഹം മത്സരിക്കുക. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറി. രവീന്ദ്രന് പുറമെ ബാബുരാജ്, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു. ആശ അരവിന്ദ്, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍, ലക്ഷ്മിപ്രിയ, നവ്യ നായര്‍, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള മത്സരരംഗത്തുളളത്. ഒന്നിലധികം സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയവര്‍ 31ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക വരുന്നതിന് മുന്‍പ് മറ്റു സ്ഥാനങ്ങളിലേക്ക് നല്‍കിയ പത്രിക പിന്‍വലിക്കണം.