മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റിലീസ് മാറ്റി
ഒക്ടോബർ 16 ന് ആയിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നത്. പിന്നീട് ഇത് നവംബർ 6 ലേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ബിഗ്ബജറ്റ് പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി.
ഒക്ടോബർ 16 ന് ആയിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നത്. പിന്നീട് ഇത് നവംബർ 6 ലേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതാണ് റിലീസ് തീയതി വീണ്ടും മാറ്റാൻ കാരണം. പ്രമുഖ തെന്നിന്ത്യൻ നിർമാതാവായ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ഫാന്റസി ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ള സിനിമയാണ് വൃഷഭ.
ചിത്രത്തിൽ വൃഷഭ, വിശ്വംഭര എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് മോഹൻലാൽ എത്തുന്നത്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ തെലുങ്ക് നടൻ റോഷൻ മെകയാണ് മോഹൻലാലിൻറെ മകന്റെ വേഷത്തിലെത്തുന്നത്. റോഷനെ കൂടാതെ രാഗിണി ദ്വിവേദി, സമർജിത്ത് ലങ്കേഷ്, ഗരുഡ റാം,അജയ് റാവുരി, അലി , നയൻ സരിക, സിമ്രാൻ, രാമചന്ദ്ര രാജു , നേഹ സക്സേന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്‌ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതൂർ, ഫസ്റ്റ് സ്റ്റെപ്പ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്റ, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം ആന്റണി സാംസൺ, സംഗീതം സാം സി.എസ്, ആക്ഷൻ പീറ്റർ ഹെയ്ൻ, സ്റ്രണ്ട് സിൽവ, നിഖിൽ എന്നിവരുമാണ് നിർവഹിച്ചിരിക്കുന്നത്.
അതേസമയം ചിത്രം ഈ വർഷം ഡിസംബർ അവസാനത്തോടെ തിയേറ്ററുകളിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ നന്ദകിഷോർ വ്യക്തമാക്കി.