വിനായകന് ഗ്രീന്‍, മമ്മൂട്ടിക്ക് റെഡ് വൈന്‍; കളങ്കാവലിലെ കളർ പോര്
ജിതിൻ കെ. ജോസ് മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം നിർവഹിച്ച കളങ്കാവൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. സിനിമയിലെ കളർ ടോണുകളെക്കുറിച്ച് സംസാരിക്കുകയാണ് സിനിമാട്ടോഗ്രാഫർ ഫൈസല്‍ അലി. വിനായകന് ഗ്രീൻ കളറും മമ്മൂട്ടിക്ക് റെഡ് വൈൻ കളറുമാണ് നൽകിയിരിക്കുന്നതെന്ന് ഫൈസൽ പറഞ്ഞു. കളങ്കാവൽ ക്ലൈമാക്സ് ഷൂട്ട് 4 ദിവസം എടുത്താണ് ചിത്രീകരിച്ചതെന്നും ഫൈസൽ പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഗ്രീൻ കളർ വിനായകൻ സാറിന്റെ ക്യാരക്ടറിന് വേണ്ടി നമ്മൾ വെച്ചതാണ് ഗ്രീൻ കളർ. ഇപ്പൊ മ്മൂട്ടി സാറിലേക്ക് വരുമ്പോൾ അതൊരു റെഡ് വൈൻ ആകും. ഈ കളേഴ്സ് തമ്മിലുള്ള ഒരു ചെറിയ അടിയുണ്ട് സിനിമയിൽ. അത് ഒന്നുകൂടെ ശ്രദ്ധിച്ചാൽ അറിയാൻ പറ്റും ഇപ്പൊ ഫസ്റ്റ് ഫ്രെയിമിൽ തൊട്ട് തന്നെ ഇത് പോകുന്നുണ്ട്. ഈ പറയുന്ന രണ്ട് കളേഴ്സും പോകുന്നുണ്ട് അത് വിനായകൻ സാർ ചെയ്ത ജയകൃഷ്ണൻ എന്ന ക്യാരക്ടർ ഡൊമിനേറ്റ് ചെയ്യുന്ന സമയത്ത് ഈ ഗ്രീൻ കൂടും മമ്മൂട്ടി സാർ ഡോമിനേറ്റ് ചെയ്യുന്ന സമയം റെഡ് വൈൻ ഡൊമിനേറ്റ് ചെയ്തു നിൽക്കും.
അത്തരത്തിൽ ഓരോ ട്രാവലിങ് ഈ സിനിമയിൽ കളർ വെച്ചിട്ട് നടത്തിയിട്ടുണ്ട്. ക്ലൈമാക്സിൽ എത്തുമ്പോൾ ഈ ഗ്രീൻ കളർ ആണ് കൂടുതൽ റെഡ് വൈൻ വളരെ കുറവുമാണ്. അത്തരത്തിലുള്ള കുറെ മൈനൂട്ട് ആയിട്ടുള്ള കുറെ കാര്യങ്ങൾ ഞാൻ അതിൽ അപ്ലൈ ചെയ്തിട്ടുണ്ട്.അത് കുറച്ചുകൂടി ടെക്നിക്കൽ ആയിട്ട് ശ്രദ്ധിക്കുന്നവർക്കെ അത് മനസ്സിലാകുന്നുള്ളൂ അങ്ങനെ അറിയുന്നവർ എന്നെ വിളിക്കുന്നുണ്ട്. കേൾക്കുമ്പോൾ ഹാപ്പിയാണ്,' ഫൈസല്‍ അലി പറഞ്ഞു.
അതേസമയം തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സീക്വൻസുകളിൽ ഒന്ന് ക്ലൈമാക്സ് ആണെന്നും ക്ലൈമാക്സ് ചിത്രീകരിച്ചത് നാലു ദിവസം കൊണ്ടാണെന്നും ഫൈസൽ അലി കൂട്ടിച്ചേർത്തു. 'എനിക്ക് പ്രിയപ്പെട്ട ഒരു സീക്വൻസ് എന്ന് പറയുന്നത് ക്ലൈമാക്സ് ആണ്. അത് ഞാൻ കുറച്ച് കഷ്ടപ്പെട്ടതാണ്. കഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ അതിന്റെ ഒരു ടോൺ വരുത്തുക, അതിന്റെ ഒരു ലൈറ്റിങ് ഒരു ഗ്രീൻ ടോൺ ആണ്, പിന്നെ ഒരു വാം ലൈറ്റ് ആണ് അതിൽ വെച്ചിരിക്കുന്നത്. ഒരു വിന്റേജിൽ ഉള്ള ഒരു ലോഡ്ജ് ആണ് എന്നുള്ളതൊക്കെയാണ് അതിന്റെ ഒരു വെല്ലുവിളി. അത്തരത്തിൽ എനിക്ക് വളരെ ഫേവറിറ്റ് ആയിട്ടുള്ള ഒരു ഏരിയ എന്ന് പറയുന്നത് ക്ലൈമാക്സ് ആണ്.
ക്ലൈമാക്സ് ഞങ്ങൾ ഒരു കണ്ടിന്യൂസ് ഒരു നാല് ദിവസത്തോളം ചിത്രീകരിച്ചു. അതങ്ങനെ വളരെ ഫാസ്റ് ആയൊന്നുമല്ല ഷൂട്ട് ചെയ്തു പോയത്. അതിനൊരു റിതം ഉണ്ടല്ലോ, അപ്പോ അതനുസരിച്ച് ക്യാരക്ടേഴ്സ് എല്ലാം ആ മൂഡിലേക്ക് എത്തി, ഞാൻ ഭയങ്കര ലക്കിയാണ് ആ സിനിമ ചെയ്തതിൽ,' ഫൈസൽ അലി പറഞ്ഞു.
അതേസമയം, കളങ്കാവൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ.