വിക്രം ചിത്രം 'ധ്രുവനച്ചത്തിരം' വീണ്ടും കുരുക്കിൽ

 

വിക്രം നായകനായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന 'ധ്രുവനച്ചത്തിരം' എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും നിയമക്കുരുക്കിൽ. ഏറെ നാളത്തെ കാത്തിരിപ്പിനും നിയമനടപടികൾക്കും ശേഷം ചിത്രം റിലീസിനടുത്തേക്ക് എത്തുന്നു എന്ന പ്രതീക്ഷകൾക്കിടെയാണ് പുതിയ തടസ്സങ്ങൾ ഉണ്ടായിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ നിലനിൽക്കുന്ന പുതിയ ഹരജികൾ, നേരത്തെ ഏപ്രിൽ 30ന് ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിയ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ പരിഗണനക്ക് വിടാൻ കോടതി നിർദേശിച്ചു. ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ബെഞ്ചിലാണ് ഈ കേസുകൾ എത്തിയത്.

താൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യാൻ ജൂലൈ 15, 2026 വരെ സമയം വേണമെന്ന് ഗൗതം വാസുദേവ് മേനോൻ കോടതിയിൽ ആവശ്യപ്പെട്ടു. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിക്കാനുള്ള 10.22 കോടി രൂപ മാറ്റിവെച്ചതിനുശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കാവൂ എന്ന് നിക്ഷേപകരായ കെ. പുന്നിയമൂർത്തി, കെ. പ്രേംകുമാർ എന്നിവർ കോടതിയിൽ ആവശ്യപ്പെട്ടു. ഏപ്രിൽ മാസത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

സംവിധായകൻ കോടതിയിൽ സമർപ്പിച്ച സാമ്പത്തിക വിവരങ്ങളിലും കടബാധ്യതകളിലും നിക്ഷേപകർ സംശയം പ്രകടിപ്പിച്ചു. സമർപ്പിക്കപ്പെട്ട കടക്കാരുടെ പട്ടിക ഒരു സ്വതന്ത്ര ഓഡിറ്ററെക്കൊണ്ട് പരിശോധിക്കണമെന്നും, ഈ തുക ചിത്രവുമായി ബന്ധപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കണമെന്നും ഇവർ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ഹരജികളിലെല്ലാം തന്നെ നേരത്തെയുള്ള ഉത്തരവിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നതിനാൽ, കേസ് പരിഗണിച്ച ജസ്റ്റിസ് കെ. കുമരേഷ് ബാബു, ഇത് ആദ്യം ഉത്തരവിറക്കിയ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ പരിഗണനയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ജൂൺ 24ന് ഈ വിഷയത്തിൽ വീണ്ടും വാദം കേൾക്കും.

നേരത്തെ ചിത്രത്തിന്റെ റിലീസിന് അനുകൂലമായി കോടതി ഉത്തരവിട്ടതിനെതിരെ നിക്ഷേപകർ സമർപ്പിച്ച അപ്പീലുകൾ ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇത് ചിത്രത്തിന്റെ റിലീസിന് വലിയ പ്രതീക്ഷ നൽകിയിരുന്നുവെങ്കിലും, പുതിയ നിയമനടപടികൾ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. വർഷങ്ങളായി സാമ്പത്തികവും നിയമപരവുമായ പ്രതിസന്ധികളിൽപ്പെട്ട് റിലീസ് നീണ്ടുപോയ ചിത്രമാണ് ധ്രുവനച്ചത്തിരം.