ജനനായകനെ തളയ്ക്കാന്‍ പരാശക്തി

 

വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷം ഒരു പ്രഖ്യാപനം നടത്തിയിരുന്നു; സിനിമയോട് വിടപറയുകയാണ്. അവസാനത്തെ ചിത്രം ‘ജനനായകന്‍’. വിജയ് ആരാധകരെ ഒരേസമയം ആവേശത്തിലാഴ്ത്തുകയും ഒപ്പം ഏറെ വേദനിപ്പിക്കുകയും ചെയ്ത പ്രസ്താവനയായിരുന്നു അത്. 

വിജയുടെ രാഷ്ട്രീയ പാർട്ടി ടി.വി.കെ തമിഴ്‌നാട്ടിൽ വൻ മുന്നേറ്റം നടത്തി കഴിഞ്ഞു. ഭരണകക്ഷിയായ ഡി.എം.കെയുമായാണ് വിജയ് പാർട്ടിയായ ടി.വി.കെയുടെ നേരിട്ടുള്ള പോരാട്ടം. ഡി.എം.കെ സർക്കാരിനെതിരെ അതിശക്തമായ ഭാഷയിലാണ് വിജയ് പ്രതികരിച്ചിരുന്നത്. അഴിമതിയിൽ മുങ്ങിയ സർക്കാരാണ് തമിഴ്‌നാട്ടിലേതെന്നാണ് വിജയ് തന്റെ പ്രസംഗങ്ങളിലെല്ലാം ആവർത്തിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് കളം നിറയുക തന്നെയാണ് ടി.വി.കെയുടെ ലക്ഷ്യം.

ജനനായകന്‍ എന്ന വിജയ് ചിത്രം ലക്ഷ്യമിടുന്നതും ഇതുതന്നെ. വിജയ് ആരാധകരെ സന്തോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം രാഷ്ട്രീയത്തിൽ അജയ്യനായി മാറുകയെന്ന ലക്ഷ്യവും ‘ജനനായകന്‍’ക്കുണ്ട്. ഇത് വ്യക്തമായി മനസിലാക്കിയതോടെയാണ് ഡി.എം.കെ ശിവകാർത്തികേയന്റെ ‘പരാശക്തി’യുമായി സ്റ്റാലിന്റെ കൊച്ചുമകൻ രംഗത്തെത്തിയിരിക്കുന്നത്.ഇതോടെ തമിഴ് സിനിമാ ലോകത്ത് ശക്തമായ യുദ്ധത്തിനാണ് വേദിയൊരുങ്ങുന്നത്. തമിഴ്‌നാട്ടിൽ പരക്കെ ‘ജനനായകന്‍’ന്റെ കൂറ്റൻ കട്ടൗട്ടുകളാണ് ഉയർന്നിരിക്കുന്നത്.

പൊങ്കൽ ദിനമായ ജനുവരി ഒൻപതിനാണ് വിജയ് ചിത്രം ‘ജനനായകന്‍’ റിലീസ് ചെയ്യുന്നത്. ഇതോടെ വിജയ് ഫാൻസും ടി.വി.കെ പ്രവർത്തകരും കടുത്ത പ്രതിഷേധത്തിലാണ്. ജനുവരി 14ന് നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്ന ‘പരാശക്തി’ ജനുവരി 10ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിൽ ഡി.എം.കെയാണെന്നാണ് ആരോപണം.

ശിവകാർത്തികേയന്റെ ഇരുപതാമത്തെ ചിത്രമാണ് ‘പരാശക്തി’. വിജയ്‍റെ അവസാന ചിത്രമാണ് ‘ജനനായകന്‍’.‘പരാശക്തി’ വിതരണത്തിനെത്തിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ മകൻ ഇമ്പനിധിയുടെ വിതരണക്കമ്പനിയായ റെഡ് ജയന്റ് മൂവീസാണ്. ഡി.എം.കെ തിരഞ്ഞെടുപ്പിൽ അട്ടിമറിക്ക് ഭയന്നാണ് ‘ജനനായകന്‍’നെ തകർക്കാനുള്ള നീക്കം നടത്തുന്നതെന്നാണ് ടി.വി.കെയുടെ ആരോപണം. ഡി.എം.കെ ഏറ്റവും നീചമായ രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്നുമാണ് നേതാക്കളുടെ ആരോപണം.

1960കളിൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ‘പരാശക്തി’. സുധി കൊങ്കരയാണ് ചിത്രത്തിന്റെ സംവിധായകൻ. കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം വീണ്ടും ശക്തിപ്രാപിച്ചിരിക്കെയാണ് ‘പരാശക്തി’ പ്രദർശനത്തിനെത്തുന്നത്. വിജയ്‌യുടെ ചിത്രത്തെ പ്രതിരോധിക്കാൻ ഡി.എം.കെ ‘പരാശക്തി’യെ തിരഞ്ഞെടുത്തതിന്റെ പിന്നിലുള്ള രാഷ്ട്രീയവും ഇതാണ്. കരുണാനിധിയുടെ ബന്ധുവായ ആകാശ് ഭാസ്‌കറാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

കരൂരിൽ ടി.വി.കെയുടെ റാലിയിൽ തിക്കിലും തിരക്കിലും ഉണ്ടായ വൻ ദുരന്തത്തിന് ശേഷം നടന്ന ടി.വി.കെ പൊതുയോഗത്തിൽ ഡി.എം.കെയ്‌ക്കെതിരെ അതിശക്തമായ ഭാഷയിലാണ് വിജയ് ആഞ്ഞടിച്ചിരുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് തമിഴ്‌നാട് ഭരിക്കുന്നതെന്നായിരുന്നു വിജയ്‌യുടെ ആരോപണം.

വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലായ പാർട്ടിയാണ് ഡി.എം.കെ. വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് മുതൽ എല്ലാം തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് ഡി.എം.കെ നടത്തുന്നതെന്നാണ് പരക്കെ ഉയർന്നിരിക്കുന്ന ആരോപണം.