വൈറലായി വിജയ് യേശുദാസിന്റെ ക്രിസ്‌തുമസ്സ് ഗാനം

 


വിജയ് യേശുദാസ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആൽബം ‘ഈ രാത്രിയിൽ’ തരംഗമാകുന്നു. റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയാണ് ഈ ആൽബം ഏറേ ശ്രദ്ധേയമായത്. ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലുമായി ഒരു മില്യണിൽ അധികം പ്രേക്ഷകരിൽ ഇതിനോടകം എത്തിക്കഴിഞ്ഞു.

സമഗ്ര മേഖലകളിലും ഏറെ പ്രത്യേകതകളും അപൂർവതകളും സമന്വയിച്ച ഈ ഗാനം ഇതു വരെ കേട്ടിട്ടുള്ള ക്രിസ്തുമസ് ഗാനങ്ങളുടെ സ്ഥിരം രചനാശൈലിയിൽ നിന്നും വ്യത്യസ്തമായാണ് മലയാളത്തിന്റെ പ്രിയ കവി രാജീവ്‌ ആലുങ്കൽ രചിച്ചിട്ടുള്ളത് . ക്രിസ്തുമസ് ഗാനങ്ങളുടെ പതിവ് ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ള ചിട്ടപെടുത്തലുകളിൽ നിന്നും വിഭിന്നമായാണ് അനുഗ്രഹീത യുവസംഗീതജ്ഞൻ സൽജിൻ കളപ്പുര ഈ ഗാനത്തിന് ഈണം ഒരുക്കിയിട്ടുള്ളത്.

രാജീവ്‌ ആലുങ്കൽ, സൽജിൻ കളപ്പുര എന്നിവർ ചേർന്നൊരുക്കിയ മുൻ ഗാനങ്ങളെപ്പോലെ ഈ ഗാനവും സംഗീത പ്രേമികൾ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സംഗീതഞ്ജരെ കോർത്തിണക്കിക്കൊണ്ട് ബിജു പൗലോസിന്റെ ഓർക്കസ്‌ട്രേഷനും ഈ ഗാനത്തിന്റെ വിജയത്തിനു മാറ്റുകൂട്ടുന്നു.

വിജയ് യേശുദാസിനോടൊപ്പം, മലയാളഗാന രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് ഈ പാട്ടിന്റെ ഒപ്പേറയ്ക്ക് ശബ്ദം പകർന്നിരിക്കുന്നത് ഹോളിവുഡ് ഒപ്പേറാ സിങ്ങർ ബ്രിജിറ്റി ഹൂളാണ്.. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ആൽബം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾകൊണ്ടുതന്നെ നിരവധി ആരാധനാലയങ്ങളിലെ ഗായകസംഘം ഏറ്റുപാടുവാൻ തുടങ്ങിക്കഴിഞ്ഞു. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവരുടെ അനുമോദനങ്ങളാണ് പാട്ടുശില്പികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ സംഗീതജ്ഞരും, മറ്റു പ്രതിഭകളും ‘ഈ രാത്രയിൽ’ എന്ന ആൽബം അവരുടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതിനുമുൻപ് സൽജിൻ കളപ്പുര – കെ.ജെ.യേശുദാസ്,കെ.എസ്. ചിത്ര, എം.ജി ശ്രീകുമാർ,സുജാത മോഹൻ,മധു ബാലകൃഷ്‌ണൻ,ശ്വേത മോഹൻ,കെസ്സർ തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിയ്ക്ക ഗായകരേയും കൊണ്ട് ആൽബങ്ങളിൽ പാടിച്ചിട്ടുണ്ട്. വിജയ് യേശുദാസിന്റെ “വി കമ്പനി” യാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഈ ആൽബം ശ്രദ്ധിക്കപ്പെട്ടതോടെ സജിൻ കളപ്പുര മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.