ചിമ്പുവിനോടൊപ്പം വെട്രിമാരനിൽ വിജയ് സേതുപതിയും !

 

സംവിധായകൻ വെട്രി മാരനും നടൻ ചിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'അരസൻ'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതി കൂടെ എത്തുന്നു എന്ന വാർത്തയാണിപ്പോൽ പുറത്തുവരുന്നത്. വിടുതലൈയ്ക്ക് ശേഷം വീണ്ടും വെട്രിമാരൻ സിനിമയിൽ ഒന്നിക്കുകയാണ് വിജയ് സേതുപതി. വലിയ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമാണ് ഇത്. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. വി. ക്രിയേഷൻസിൻറെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമിക്കുന്നത്. 'അസുരൻ' എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ-കലൈപ്പുലി എസ്. താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അരസൻ വട ചെന്നൈ യൂണിവേഴ്സിലെ കഥയാണ്. എന്നാൽ ഇത് വട ചെന്നൈയുടെ നേരിട്ടുള്ള രണ്ടാം ഭാഗം അല്ല. ധനുഷ് നായകനായ വട ചെന്നൈയുടെ രണ്ടാം ഭാഗം ധനുഷിനെ വെച്ച് തന്നെ ചെയ്യുമെന്നും എന്നാൽ അരസൻ ആ യൂണിവേഴ്സിലെ മറ്റൊരു കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള സമാന്തര കഥയായിരിക്കും എന്നും വെട്രി മാരൻ വ്യക്തമാക്കിയിട്ടുണ്ട്. വെട്രി മാരൻ യഥാർത്ഥത്തിൽ വട ചെന്നൈയുടെ തിരക്കഥ എഴുതിയത് ചിമ്പുവിന് വേണ്ടിയായിരുന്നു. പിന്നീട് ധനുഷ് നായകനായി സിനിമ ചെയ്തപ്പോൾ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു. ഇപ്പോൾ അരസനായി ചിമ്പുവിൻറെ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ പഴയ തിരക്കഥ വീണ്ടും ഉപയോഗിക്കുകയും അതിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ പറയുന്നു. വിജയ് സേതുപതിയുടെ മകൻ സൂര്യയും സിനിമയുടെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.