വിജയ് സേതുപതി – സായ് പല്ലവി ചിത്രം ‘ഇഞ്ചി വെള്ളം’ ജനുവരി 29-ന് തിയേറ്ററുകളിലേക്ക്
പ്രണയവും കുടുംബബന്ധങ്ങളും ഇഴചേരുന്ന മണി രത്നം ചിത്രത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്നു. എ ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ മണി രത്നം വീണ്ടുമൊരു പ്രണയചിത്രവുമായി എത്തുന്നു. വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ‘ഇഞ്ചി വെള്ളം’ 2027 ജനുവരി 29-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. അണിയറപ്രവർത്തകർ പുറത്തുവിട്ട പുതിയ മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിജയ് സേതുപതിയും സായ് പല്ലവിയും രണ്ട് പെൺകുട്ടികളോടൊപ്പം നിൽക്കുന്ന കുടുംബാന്തരീക്ഷമുള്ള ദൃശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.
വലിയ പ്രതീക്ഷകളോടെയെത്തി ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയ ‘തഗ് ലൈഫി’ന് ശേഷം മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണയവും ദാമ്പത്യജീവിതവും പ്രമേയമാകുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിക്കുന്നത് തന്നെ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. 2018-ൽ പുറത്തിറങ്ങിയ ‘ചെക്ക ചിവന്ത വാന’ത്തിന് ശേഷം മണി രത്നവും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മണി രത്നം ചിത്രങ്ങളിലെ പതിവ് കൂട്ടുകെട്ടായ എ ആർ റഹ്മാനാണ് ‘ഇഞ്ചി വെള്ള’ത്തിനും സംഗീതമൊരുക്കുന്നത്. ‘പിങ്ക്’, ‘സർദാർ ഉദ്ധം’ തുടങ്ങിയ പ്രശസ്ത ബോളിവുഡ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അവിക് മുഖോപാധ്യായ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രം മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. കൊൽക്കത്തയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.
ബിഗ് ബോസ് തമിഴിന്റെ അവതാരകൻ എന്ന തിരക്കുകൾക്കൊപ്പം കൈനിറയെ ചിത്രങ്ങളുമായാണ് വിജയ് സേതുപതി മുന്നോട്ട് പോകുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ‘സ്ലം ഡോഗ്’, ത്യാഗരാജൻ കുമാരരാജയുടെ ‘പോക്കറ്റ് നോവൽ’, ബാലാജി തരണീതരൻ ചിത്രം, രാജ് ആൻഡ് ഡികെ ഒരുക്കുന്ന ‘ഫർസി 2’ എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന മറ്റ് പ്രധാന പ്രോജക്റ്റുകൾ. മറുവശത്ത്, ഇന്ത്യൻ സിനിമ ആകാംക്ഷയോടെ കാത്തിരുന്ന ‘രാമായണ’യ്ക്ക് ശേഷം, ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം ചാപ്റ്റർ 1’ എന്ന ചിത്രത്തിലും സായ് പല്ലവി അഭിനയിക്കുന്നുണ്ട്.