‘നൂറിലേറെ തവണ ചോദിച്ചു, ഒടുവിൽ സമ്മതിച്ചു’ ; വിവാഹവിശേഷങ്ങൾ തുറന്നുപറഞ്ഞ് വിജയ്–രശ്മിക
പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമാ ദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തങ്ങളുടെ വിവാഹനിശ്ചയത്തിനും വിവാഹത്തിനും പിന്നിലെ രസകരമായ കഥകൾ വെളിപ്പെടുത്തി രംഗത്തെത്തി. പ്രശസ്ത ടോക്ക് ഷോയായ ‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ പുതിയ പ്രൊമോയിലാണ് വിവാഹശേഷം ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ദമ്പതികൾ തങ്ങളുടെ പ്രണയവിശേഷങ്ങൾ പങ്കുവെച്ചത്.
ഷോയുടെ അവതാരകനായ കരൺ ജോഹർ രണ്ടുപേരോടും ഔപചാരികമായ ഒരു വിവാഹാഭ്യർത്ഥന ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് രസകരമായ വിവരങ്ങൾ പുറത്തുവന്നത്. താൻ ഒരിക്കലും ഔദ്യോഗികമായി പ്രപ്പോസ് ചെയ്തിട്ടില്ലെന്നും, മറിച്ച് രശ്മികയാണ് തന്നോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതെന്നും വിജയ് ദേവരകൊണ്ട വെളിപ്പെടുത്തി.
“നമുക്ക് വിവാഹം കഴിക്കാം എന്നാണ് അവൾ എന്നോട് പറഞ്ഞത്. നീയിത് നൂറിലധികം തവണ എന്നോട് ചോദിച്ചതല്ലേ, അതിനാൽ ശരി എന്ന് ഞാൻ മറുപടി നൽകുകയായിരുന്നു” വിജയ് ചിരിച്ചുകൊണ്ട് പറഞ്ഞു. ഇതിന് മറുപടിയായി, താൻ ഒരു വർഷം മുഴുവൻ വിജയ്യോട് ഇക്കാര്യം ചോദിച്ചിരുന്നുവെന്ന് രശ്മികയും സമ്മതിച്ചു. “ഞാനൊന്നും വിഡ്ഢിയല്ലല്ലോ” എന്നായിരുന്നു വിജയിയുടെ തമാശരൂപേണയുള്ള മറുപടി.
രൺബീറോ അല്ലു അർജുനോ? രശ്മികയുടെ തിരഞ്ഞെടുപ്പ്
പ്രൊമോയിലെ രസകരമായ റാപ്പിഡ് ഫയർ റൗണ്ടിൽ, ‘പുഷ്പ’യിലെ സഹനടൻ അല്ലു അർജുനോ അതോ ‘ആനിമൽ’ ചിത്രത്തിലെ സഹനടൻ രൺബീർ കപൂറോ മികച്ചത് എന്ന് കരൺ ചോദിച്ചപ്പോൾ യാതൊരു മടിയും കൂടാതെ രശ്മിക അല്ലു അർജുന്റെ പേര് തിരഞ്ഞെടുക്കുകയായിരുന്നു.
തുടർന്ന്, രശ്മികയെ കൂടാതെ വിജയിയുമായി ഏറ്റവും മികച്ച ഓൺ-സ്ക്രീൻ കെമിസ്ട്രിയുള്ള നടി ആരാണെന്ന് കരൺ ചോദിച്ചപ്പോൾ, വിജയ് ഉത്തരം പറയുന്നതിന് മുൻപ് തന്നെ “വേറെ ആരുമില്ല എന്ന് രശ്മിക ഉറക്കെ പറഞ്ഞു. ഭാര്യയുടെ വാക്കുകൾ ശരിവെച്ചുകൊണ്ട് “വിവാഹ ജീവിതത്തിലെ 101-ാമത്തെ നിയമം, എപ്പോഴും ഭാര്യയോട് യോജിച്ചു പോവുക എന്നതാണ്” എന്ന് വിജയ് പറഞ്ഞത് സെറ്റിൽ വൻ ചിരി പടർത്തി.
രശ്മിക ആദ്യമായാണ് ‘കോഫി വിത്ത് കരൺ’ ഷോയിൽ പങ്കെടുക്കുന്നത്. വിജയ് നേരത്തെ ‘ലിഗർ’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അനന്യ പാണ്ഡെയ്ക്കൊപ്പം സീസൺ 7-ൽ പങ്കെടുത്തിരുന്നു. സൽമാൻ ഖാൻ ആദ്യ അതിഥിയായി എത്തിയ ഈ സീസൺ 9 എപ്പിസോഡിനായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.