വിജയ് ചിത്രം ‘ജനനായകന്’ ഒടുവിൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു ; റിലീസ് ജൂലൈ അവസാനം
പ്രദർശനാനുമതി വൈകിയതിനെ തുടർന്ന് റിലീസ് പ്രതിസന്ധിയിലായിരുന്ന വിജയ് ചിത്രം ‘ജനനായകന്’ ഒടുവിൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായി റിപ്പോർട്ടുകൾ. ചിത്രത്തിന് സെൻസർ ബോർഡ് ‘A’ സർട്ടിഫിക്കറ്റ് ആണ് അനുവദിച്ചിരിക്കുന്നതെന്നും ഒരാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് നിർമ്മാതാക്കൾക്ക് കൈമാറുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെൻസർ കുരുക്കുകൾ ഒഴിഞ്ഞതോടെ ചിത്രം ഈ വരുന്ന ജൂലൈ അവസാനത്തോടെ തിയേറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണ തരംഗം സൃഷ്ടിച്ച ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘ജനനായകൻ’ എന്നാണ് സിനിമാ ലോകത്ത് നിന്നുള്ള സൂചനകൾ.
നേരത്തെ ജനുവരി 9-ന് പൊങ്കൽ റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചതോടെയാണ് റിലീസ് അനിശ്ചിതത്വത്തിലായത്. സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതോടെ വലിയ നിയമപോരാട്ടമാണ് നിർമ്മാതാക്കൾക്ക് നടത്തേണ്ടി വന്നത്. മമിത ബൈജു, പൂജ ഹെഡ്ഗെ, ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ, നരേൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണയാണ് നിർമ്മിക്കുന്നത്. തങ്ങളുടെ പ്രിയതാരത്തിന്റെ മാസ് ആക്ഷൻ ചിത്രം ഒടുവിൽ തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.