മൂന്ന് വർഷമായി തുടരുന്ന നിയന്ത്രണം നീക്കി വിജയ് സർക്കാർ ; തമിഴ് സിനിമകൾക്ക് ഇനി പുലർച്ചെ 6 മണി ഷോ

 തമിഴ് സിനിമാ ആരാധകർക്ക് വീണ്ടും പുലർച്ചെ സിനിമാക്കാഴ്ചയുടെ ആവേശം. മൂന്ന് വർഷമായി തുടരുന്ന നിയന്ത്രണം നീക്കി തമിഴ്‌നാട്ടിൽ പുതിയ സിനിമകളുടെ ആദ്യ പ്രദർശനം രാവിലെ ആറുമണിക്ക് ആരംഭിക്കാൻ അനുമതി നൽകി മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ സർക്കാർ.

 

 തമിഴ് സിനിമാ ആരാധകർക്ക് വീണ്ടും പുലർച്ചെ സിനിമാക്കാഴ്ചയുടെ ആവേശം. മൂന്ന് വർഷമായി തുടരുന്ന നിയന്ത്രണം നീക്കി തമിഴ്‌നാട്ടിൽ പുതിയ സിനിമകളുടെ ആദ്യ പ്രദർശനം രാവിലെ ആറുമണിക്ക് ആരംഭിക്കാൻ അനുമതി നൽകി മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ സർക്കാർ. നവംബർ 3-നാണ് ഇതുസംബന്ധിച്ച പുതുക്കിയ സിനിമാ പ്രദർശന സമയക്രമത്തിന് സർക്കാർ അംഗീകാരം നൽകിയത്. ദീപാവലിക്ക് മുന്നോടിയായി നിരവധി വമ്പൻ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ സിനിമാ മേഖലയ്ക്കും പുതിയ തീരുമാനം ആശ്വാസമാകും.

പുതിയ സർക്കാർ ഉത്തരവ് പ്രകാരം റിലീസ് ചെയ്യുന്ന തമിഴ് സിനിമകൾക്ക് ആദ്യ ആഴ്ച രാവിലെ ആറുമുതൽ അടുത്ത ദിവസം പുലർച്ചെ 2.30 വരെ പ്രദർശനം നടത്താം. ഈ കാലയളവിൽ ഒരു ദിവസം പരമാവധി ആറ് ഷോകൾ അനുവദിക്കും. നേരത്തെ ഇത് അഞ്ച് പ്രദർശനങ്ങളായിരുന്നു. ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലും പ്രാദേശിക ഉത്സവദിവസങ്ങളിലും ആറ് ഷോകൾ നടത്താൻ അനുമതിയുണ്ട്. 1957-ലെ തമിഴ്‌നാട് സിനിമാ നിയന്ത്രണ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ, തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലെക്‌സ് ഓണേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ നേരത്തെ അധിക പ്രദർശനങ്ങൾക്കും പുലർച്ചെയുള്ള ഷോകൾക്കും അനുമതി തേടി സർക്കാരിനെ സമീപിച്ചിരുന്നു.

2023 ജനുവരിയിൽ അജിത് കുമാറിന്റെ ‘തുനിവ്’ സിനിമയുടെ റിലീസിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് തമിഴ്‌നാട്ടിൽ പുലർച്ചെയുള്ള പ്രത്യേക പ്രദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെന്നൈയിൽ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് വീണ് ഒരു ആരാധകൻ മരിച്ചതോടെയായിരുന്നു നടപടി. തുടർന്ന് പുലർച്ചെയുള്ള പ്രത്യേക ഷോകൾക്ക് അനുമതി നൽകുന്നത് സർക്കാർ നിർത്തി. തിയേറ്ററുകളിലെ ആദ്യ പ്രദർശനം രാവിലെ ഒൻപത് മണിക്ക് മാത്രമാക്കി നിജപ്പെടുത്തുകയും പ്രതിദിന പ്രദർശനങ്ങളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

മൂന്ന് വർഷത്തിന് ശേഷമുള്ള നിയന്ത്രണങ്ങൾ നീക്കിയതോടെ ദീപാവലി റിലീസുകൾക്ക് പുതിയ തീരുമാനം ഗുണകരമാകുമെന്നാണ് സിനിമാ മേഖലയിലെ പ്രതീക്ഷ. സൂര്യയുടെ ‘സീൻ’, നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’ തുടങ്ങിയ ചിത്രങ്ങൾക്ക് കൂടുതൽ പ്രദർശനസാധ്യത ലഭിക്കും. അധിക ഷോകൾ അനുവദിച്ചതോടെ ആദ്യ ആഴ്ചയിലെ ടിക്കറ്റ് വിൽപ്പനയിലും തിയേറ്ററുകളുടെ വരുമാനത്തിലും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആരാധകരുടെ പുലർച്ചെയുള്ള സിനിമാ ആഘോഷങ്ങൾ വീണ്ടും തിരിച്ചെത്തുമ്പോൾ തമിഴ് സിനിമാ മേഖലയും പുതിയൊരു പ്രദർശനകാലത്തിലേക്ക് കടക്കുകയാണ്.