ഇനി അവർ ഒരുമിച്ച് ..! വിജയ് ദേവരകൊണ്ടയും-രശ്മിക മന്ദാനയും വിവാഹിതരായി

രാജസ്ഥാനിലെ  ഉദയ്പൂരിലുള്ള  ആഢംബര ഹോട്ടലായ മെമൊന്‍റോസ് ബൈ ഐടിസിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

 

ഹൈദരാബാദ്: തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ രശ്‍മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി.രാജസ്ഥാനിലെ  ഉദയ്പൂരിലുള്ള  ആഢംബര ഹോട്ടലായ മെമൊന്‍റോസ് ബൈ ഐടിസിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വ്യാഴാഴ്ച രാവിലെ 10.10ന്  തെലുങ്ക് സംസ്‌കാരവും പാരമ്പര്യവും അനുസരിച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്.അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, ഏതാനും അടുത്ത സിനിമപ്രവർത്തകർ അടക്കം 400 ഓളം പേരാണ് വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.

വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ന് വൈകുന്നേരം കൊഡവ സമുദായ ആചാരങ്ങൾക്കനുസരിച്ചുള്ള ചടങ്ങുകളും നടത്തും. വിജയ് തെലുങ്ക് സമുദായത്തിൽ നിന്നുള്ളയാളും രശ്മിക കൊഡവ സമുദായത്തിൽ നിന്നുള്ളയാളുമാണ്. മാർച്ച് നാലിന് സിനിമാ മേഖലയിലെ പ്രമുഖർക്കായി ഹൈദരാബാദിലെ താജ് കൃഷ്ണയിൽ വച്ച് വിവാഹസത്ക്കാരം സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന് ഇരുവരും പരസ്യപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് രശ്മിക-വിജയ് കുടുംബാംഗങ്ങൾ രാജസ്ഥാനിലെത്തിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, സംഗീത് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങുകളുടെയും വിവാഹച്ചടങ്ങുകളുടെയും ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.