ഇന്ത്യൻ കളക്ഷനിൽ 600 കോടി പിന്നിട്ട് വിക്കി കൗശൽ ചിത്രം ഛാവ
ഹിന്ദി സിനിമയിൽ നിന്ന് സമീപകാലത്ത് സംഭവിച്ച ഒരു വലിയ വിജയം വിക്കി കൗശൽ ചിത്രം ഛാവ ആയിരുന്നു. മറാഠ ചക്രവർത്തി ആയിരുന്ന സംഭാജി മഹാരാജിൻറെ ജീവിതത്തെ ആസ്പദമാക്കുന്ന ചിത്രം സംവിധാനം ചെയ്തത് ലക്ഷ്മൺ ഉടേക്കർ ആണ്.
മഡ്ഡോക്ക് ഫിലിംസിൻറെ ബാനറിൽ ദിനേഷ് വിജൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രഷ്മിക മന്ദാന നായികയായ ചിത്രത്തിൽ അക്ഷയ് ഖന്ന, ഡയാന പെൻറി, നീൽ ഭൂപാളം, അശുതോഷ് റാണ, ദിവ്യ ദത്ത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി 14 വാലൻറൈൻസ് ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷവും മറ്റൊരു ബോക്സ് ഓഫീസ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ഏപ്രിൽ 11 ന് നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു ചിത്രത്തിൻറെ ഒടിടി റിലീസ്.
ചിത്രം ഒടിടിയിൽ എത്തിയിട്ട് 11 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. ഇന്ത്യൻ കളക്ഷനിൽ (നെറ്റ്) 600 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. ഒടിടി റിലീസ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിന്ന് 600 കോടി നെറ്റ് കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് ഛാവ. പുഷ്പ 2 (ഹിന്ദി), സ്ത്രീ 2 എന്നിവയാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങൾ.
അതേസമയം ഒടിടി റിലീസിന് ശേഷം ചിത്രത്തിൻറെ കളക്ഷനിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ പത്താം വാരത്തിൽ 30 ലക്ഷം രൂപ മാത്രമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് കളക്റ്റ് ചെയ്തത്. ഒൻപതാം വാരം ഇത് 2.30 കോടി ആയിരുന്നു. എട്ടാം വാരത്തിലെ കളക്ഷൻ 3.50 കോടിയും ഏഴാം വാരത്തിൽ ഇത് 7 കോടിയും ആയിരുന്നു.