വാഴ 2 അപ്‌ഡേറ്റുമായി ഹാഷിര്‍

 

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വാഴയുടെ അടുത്ത ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴയുടെ അവസാനം തന്നെ ഇതിന്റെ സൂചനകളും ഉണ്ടായിരുന്നു.

വാഴ 2 : 'ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹാഷിറേ…. യും ടീമുമാണ് വിവരം പങ്കുവെച്ചിരിക്കുന്നത്. 'അങ്ങനെ 115 ദിവസത്തെ യാത്ര കഴിഞ്ഞിരിക്കുന്നു, 'വാഴ II' പാക്കപ്പ് ആയി. അറിയാലോ എപ്പോഴും പറയുന്നത് പോലെ കൂടെ ഉണ്ടാവണം,' എന്നാണ് ഹാഷിര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. വാഴയുടെ തിരക്കഥാകൃത്തുമായ വിപിന്‍ദാസ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ഇരു ചിത്രങ്ങളുടെയും നിര്‍മാണത്തിലും വിപിന്‍ ദാസ് പങ്കാളിയാണ്.


ആദ്യ ഭാഗം സംവിധാനം ചെയ്തത് ആനന്ദ് മേനോന്‍ ആണെങ്കില്‍ രണ്ടാം ഭാഗം ഒരുക്കുന്നത് നവാഗതനായ സവിന്‍ എസ് എ ആണ്. ചിത്രത്തില്‍ ഹാഷിറിനെയും ടീമിനെയും കൂടാതെ അമീന്‍ ആന്റ് ഗ്യാങ്, സാബിര്‍ ആന്റ് ഗ്രൂപ്പ് എന്നീ കണ്ടന്റ് ക്രിയേറ്റിംഗ് ടീമും ഭാഗമാണ്.

വാഴയെ പോലെ രണ്ടാം ഭാഗവും വലിയ വിജയം നേടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. തിയേറ്ററില്‍ കോടികള്‍ സ്വന്തമാക്കിയ വാഴയ്ക്ക് പക്ഷെ ഒടിടി റിലീസിന് ശേഷം വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അഭിനേതാക്കളുടെ പ്രകടനവും തിരക്കഥയിലെ പോരായ്മകളും സംവിധാനത്തിലെ പിഴവുകളുമെല്ലാം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വാഴ 2വിലൂടെ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടി അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്നാണ് കരുതുന്നത്.