ചിരിപ്പിച്ചും, കരയിപ്പിച്ചും പ്രതീക്ഷ പകർന്നും വാഴ 2

ആനന്ദ് മേനന്‍ സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ 'വാഴ' കേരളത്തിലെ യുവാക്കള്‍ക്കിടയില്‍, പ്രത്യേകിച്ചും 90'സ് കിഡ്‌സിന് ഇടയില്‍ വലിയ പ്രീതി പിടിച്ചുപറ്റിയ ചിത്രമാണ്. ആ ജനറേഷനില്‍ പെട്ടവര്‍ക്ക് വളരെ

 
സോഷ്യല്‍ മീഡിയില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള ഹാഷിറും അലനും സിനിമയിലേയ്ക്ക് എത്തുമ്പോഴും മികച്ച രീതിയില്‍ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്
 

ട്രൂ ക്രിട്ടിക്

ആനന്ദ് മേനന്‍ സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ 'വാഴ' കേരളത്തിലെ യുവാക്കള്‍ക്കിടയില്‍, പ്രത്യേകിച്ചും 90'സ് കിഡ്‌സിന് ഇടയില്‍ വലിയ പ്രീതി പിടിച്ചുപറ്റിയ ചിത്രമാണ്. ആ ജനറേഷനില്‍ പെട്ടവര്‍ക്ക് വളരെ റിലേറ്റബിള്‍ ആയിട്ടുള്ള കഥാപാത്രങ്ങളും, കഥാസന്ദര്‍ഭങ്ങളുമായിരുന്നു വാഴയില്‍ ഉണ്ടായിരുന്നത് എന്നതാണ് ഇതിന് കാരണം. വാഴ 2-വിലേയ്ക്ക് വരുമ്പോള്‍ ജനറേഷന് ചെറിയൊരു മാറ്റമുണ്ട് എന്നതൊഴിച്ചാല്‍ കേരളത്തിലെ നിരവധി യുവാക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരുപിടി കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളുമായി രസകരമായ സിനിമാനുഭവമായി മാറിയിട്ടുണ്ട് സവിന്‍ സ സംവിധാനം ചെയ്ത ചിത്രം. വാഴ എന്ന സിനിമയ്ക്ക് ശേഷം വാഴ 2 വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഇതിനൊരു രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ എന്ന മുന്‍വിധിയെ മാറ്റിമറിക്കുന്ന ചിത്രം കൂടിയായിട്ടുണ്ട് ഇത്.

ബന്ധുക്കളും, കൂട്ടുകാരുമായവരുടെ ഹാഷിര്‍, അലന്‍ എന്നിവരുടെ കുട്ടിക്കാലം കാണിച്ചുകൊണ്ടാണ് വാഴ 2 ആരംഭിക്കുന്നത്. ഏതാണ്ട് ഒരേസമയത്ത് തന്നെ ഹാഷിറിന് ഒരു അനുജനും, അലന് ഒരു അനുജത്തിയും ജനിക്കുന്നു. പിന്നീടുള്ള ഹാഷിറിന്റെയും അലന്റെയും ജീവിതത്തിലെ ഓരോ കാലഘട്ടങ്ങളിലൂടെയും സംഭവങ്ങളിലൂടെയുമാണ് സിനിമ കടന്നുപോകുന്നത്. സൗഹൃദം, പ്രണയം, വീട്ടില്‍ നിന്നുള്ള അവഗണന, സഹോരങ്ങള്‍ തമ്മിലുള്ള വഴക്ക് മുതല്‍ സ്‌കൂളിലെ അടിപിടി വരെ ഇതിലുണ്ട്. അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ സ്‌കൂളില്‍ ഹാഷിറും അലനും സുഹൃത്തുക്കളും കൂടി ചെയ്തുകൂട്ടുന്ന ഒരു അബദ്ധം അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നതാണ് വാഴ 2-ന്റെ ഇതിവൃത്തം.

സോഷ്യല്‍ മീഡിയില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള ഹാഷിറും അലനും സിനിമയിലേയ്ക്ക് എത്തുമ്പോഴും മികച്ച രീതിയില്‍ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം വിനായക്, അജിന്‍ എന്നിവരും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. കോമഡി ആയാലും ഇമോഷന്‍ ആയാലും ഈ നാലുപേരും വളരെ സ്വാഭാവികതയോടെയാണ് കഥാപാത്രങ്ങളായി മാറിയിരിക്കുന്നത്. വേറെയും ചില സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് അടക്കം ഹാഷിറിന്റെയും അലന്റെയും കാമുകിമാരായി വന്ന നടിമാര്‍, മറ്റ് അഭിനേതാക്കള്‍ എന്നിവരുടെയെല്ലാം പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തെ രസകരമാക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന്.

ചെറുപ്പക്കാരുടെ സംഘം കഴിഞ്ഞാല്‍ സുധീഷ്, ബിജുക്കുട്ടന്‍, കണ്ണന്‍ സാഗര്‍, അജു വര്‍ഗീസ്, അല്‍ഫോണ്‍സ് പുത്രന്‍ മുതലായവരും, സ്‌കൂളിലെ അദ്ധ്യാപകരായി വന്നവരുമെല്ലാം ചിത്രത്തെ എന്‍ഗേജിങ് ആക്കുന്നതില്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്. അല്‍ഫോണ്‍സ് പുത്രന്റെ കഥാപാത്രത്തിന്റെ ശൈലിയും, പ്രേമം റഫറന്‍സുമെല്ലാം നന്നായിരുന്നു. ചെറിയ കഥാപാത്രങ്ങള്‍ ചെയ്തവര്‍ പോലും സിനിമയോട് ചേര്‍ന്നുനില്‍ക്കുന്നു എന്നത് കാസ്റ്റിങ്ങില്‍ പുലര്‍ത്തിയ ശ്രദ്ധയായി കാണാം.

ചിത്രത്തെ രസകരമാക്കുന്ന മറ്റൊന്ന് ചടുലമായ എഡിറ്റിങ്ങും, അതിനൊപ്പം തന്നെ ചടുലമായ പശ്ചാത്തലസംഗീതവുമാണ്. ആദ്യ സീന്‍ മുതല്‍ ഒരിടത്തുപോലും ഡൗണ്‍ ആകാതെ ചിത്രത്തെ കൊണ്ടുപോയിട്ടുണ്ട് കണ്ണന്‍ മോഹന്റെ എഡിറ്റിങ്. ഒപ്പം തന്നെ കോമഡി, ഇമോഷണല്‍, ആക്ഷന്‍ രംഗങ്ങളിലെല്ലാം എഡിറ്റിങ്ങിനോട് അതേ വേഗതയിലും താളത്തിലും പശ്ചാത്തലസംഗീതവും, പാട്ടുകളും ചേര്‍ന്നുനില്‍ക്കുന്നു. വെറുതെ അവിടവിടെയായി പാട്ടുകള്‍ ഇടാതെ കഥയുടെ മുന്നോട്ട് പോക്കിന് സഹായിക്കുന്ന തരത്തില്‍ ഉപയോഗിച്ചത് മികച്ച തീരുമാനമായി.

ഛായാഗ്രഹണവും കഥാപാത്രങ്ങളുടെ ലോകത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന തരത്തിലാണ്. കേരളത്തില്‍ നിന്നുമാറി ഗള്‍ഫും, യുകെയും കാണിക്കുമ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ സിനിമയില്‍ നിന്നും പുറത്തുപോകാത്ത വിധം ദൃശ്യങ്ങളെ ഒപ്പിയെടുത്ത്, കഥാപാത്രങ്ങള്‍ക്കൊത്ത് സഞ്ചരിക്കാന്‍ അഖില്‍ ലൈലാസുരന്റെ ക്യാമറാ മിഴികള്‍ക്ക് സാധിച്ചിട്ടുണ്ട്. സംഘട്ടനരംഗങ്ങള്‍ വളരെ റിയലിസ്റ്റിക്കായി ചിത്രീകരിച്ച ആക്ഷന്‍ ഡയറക്ടറും പ്രശംസയര്‍ഹിക്കുന്നു.

ഓരോ ജനറേഷനിലും ആവര്‍ത്തിക്കുന്ന പതിവ് കഥ തന്നെയാണെങ്കിലും മികച്ച തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. അനാവശ്യമായ സീനുകളോ, വലിച്ചുനീട്ടലോ ഇല്ലാതെ രസകരമായി രചിച്ചിരിക്കുന്ന തിരക്കഥയില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ജീവിതത്തില്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും കുട്ടികളോടുള്ള വ്യത്യസ്തമായ മനോഭാവങ്ങള്‍, ബന്ധങ്ങളുടെ വില, സൗഹൃദത്തിന്റെ ആഴം എന്നിവയെല്ലാം ഉപന്യാസരചന പോലെയല്ലാതെ വളരെ സ്വാഭാവികമായി പറഞ്ഞുപോകുന്നത് വളരെ പ്രശംസനീയമാണ്.

ചുരുക്കം: കേരളത്തലെ നിരവധി യുവാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും റിലേറ്റ് ചെയ്യാവുന്ന ഒരുപിടി കഥാപാത്രങ്ങളും, ഒത്തിരി കഥാസന്ദര്‍ഭങ്ങളും കൂട്ടിയിണക്കി ഒരുക്കിയിരിക്കുന്ന വാഴ 2, നിങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും, അതുപോലെ തന്നെ പ്രതീക്ഷ കെടാതെ കാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന രസകരമായ സിനിമാനുഭവമാണ്.