'അമ്മ'യുടെ ഭരണത്തലപ്പത്തേക്ക് പൃഥ്വി, ചാക്കോച്ചന്‍, ടൊവീനോ, ആസിഫ് തുടങ്ങിയവരെപോലുള്ള യുവാക്കൾ വരണം; സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന വനിതാ അംഗങ്ങളും വേണം; നടി ഉഷ ഹസീന
കോഴിക്കോട്: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയിൽ പ്രതികരിച്ച് നടി ഉഷ ഹസീന. അമ്മ സംഘടന നിലനിൽക്കേണ്ടത് ആവശ്യമാണെന്നും എന്നാൽ ഭരണത്തലപ്പത്തേക്ക് സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്യുന്ന പൃഥ്വിരാജ്, ചാക്കോച്ചന്‍, ടൊവീനോ, ആസിഫ് അലി തുടങ്ങിയവരേപ്പോലുള്ള യുവാക്കൾ വരണമെന്നും നടി പറഞ്ഞു. അതേസമയം സ്ത്രീകളുടെ ആവശ്യം മനസിലാക്കുന്ന വനിതാ അംഗങ്ങളും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
'അമ്മ സംഘടന മോശമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ചില ആളുകളുടെ പെരുമാറ്റവും പ്രവര്‍ത്തനരീതിയും ശരിയല്ലെന്നാണ് പറഞ്ഞത്. സംഘടന നിലനില്‍ക്കണം. മാറ്റം ആവശ്യമാണ്. ഇനി വരുന്ന ഭരണസമിതിയില്‍ ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി പുതിയ തലമുറയിലെ പൃഥ്വിരാജ്, ചാക്കോച്ചന്‍, ടൊവീനോ, ആസിഫ് അലി തുടങ്ങിയവരേപ്പോലുള്ള സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നവര്‍ വരണം. സ്ത്രീകളുടെ കാര്യങ്ങളില്‍ ഇടപെടുന്ന, പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന, അവരോട് സംസാരിക്കാനെങ്കിലും തയ്യാറാവുന്നവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കൊണ്ടുവരണം', എന്നായിരുന്നു അവർ പറഞ്ഞത്.
അതേസമയം വനിതാ ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍, മറ്റ് വനിതാ അംഗങ്ങളെ കേള്‍ക്കാനെങ്കിലും തയ്യാറുള്ളവരെ തിരഞ്ഞെടുക്കണമെന്നും ഉഷ ആവശ്യപ്പെട്ടു. ഇത്തവണയും അത് ആവശ്യപ്പെട്ടതാണ്. എന്നാല്‍, അത് പരിഗണിക്കാതെയാണ് വനിതാ അഭിനേതാക്കളെ കമ്മിറ്റിയിലേക്ക് കൊണ്ടുവന്നതെന്നും അവർ ചൂണ്ടിക്കാട്ടി.