ക്ലീൻ ‘യു’ സർട്ടിഫിക്കറ്റുമായി ‘മധുരമീ ജീവിതം’ തിയേറ്ററുകളിലേക്ക്

 

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ മാത്യു സ്‌കറിയ സംവിധാനം ചെയ്യുന്ന ‘മധുരമീ ജീവിതം’ എന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം വരും ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ശ്രീലാൽ പ്രകാശൻ രചനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഡോ. ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ എന്നിവരാണ്.

മുതിർന്ന നടൻ സിദ്ദീഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണിത്. വിരമിച്ച ബാങ്ക് മാനേജരായ ചന്തുമേനോൻ എന്ന പ്രധാന കഥാപാത്രത്തെ സിദ്ദീഖ് അവതരിപ്പിക്കുമ്പോൾ, മാധവി എന്ന അധ്യാപികയായി വിനയാ പ്രസാദ് വേഷമിടുന്നു. ജോണി ആന്റണി, റോയ് സെബാസ്റ്റ്യൻ, പൂജിത മേനോൻ, ദിനേഷ് പണിക്കർ, അൻസൽ പള്ളുരുത്തി, മറീന മൈക്കിൾ, ഗായത്രി സുരേഷ്, ദിൽഷ പ്രസന്നൻ, ഡേവിഡ്, വിവേക് ശ്രീ, ജനിക എസ്. ലാൽ, ദുർഗ്ഗ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ജീവിതത്തിന്റെ സായംസന്ധ്യയിലെ ഒറ്റപ്പെടലും ഊഷ്മളമായ ആത്മബന്ധങ്ങളും പ്രമേയമാക്കുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹൃദ്യമായ മെലഡി ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. ആന്റണി ഏലൂർ (പ്രൊഡക്ഷൻ കൺട്രോളർ), അനന്തരാമൻ അനിൽ (സംഗീതം), സൂര്യ ശ്യാം ഗോപാൽ (ആലാപനം), പ്രശാന്തി ചൊവ്വര (ഗാനരചന), കപിൽ കൃഷ്ണ (എഡിറ്റിംഗ്), കൃഷ്ണൻ പി.എസ് (ഛായാഗ്രഹണം), പട്ടണം ഷാ (മേക്കപ്പ്) എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. കെ.ജി.എഫ് ഫുൾ സ്‌ക്രീൻ സിനിമാസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് (പി.ആർ.ഒ: എം.കെ. ഷെജിൻ).