OTT യിൽ ട്രോൾ മെറ്റീരിയലായി 'ഇഡ്‌ലി കടൈ'

 

ധനുഷ്, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. ഭേദപ്പെട്ട അഭിപ്രായങ്ങൾ ആണ് സിനിമ തിയേറ്ററിൽ നിന്നും സ്വന്തമാക്കിയതെങ്കിലും വലിയ വിജയത്തിലേക്ക് കുതിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലേക്ക് എത്തുകയാണ്. എന്നാൽ സിനിമയുടെ ഒടിടി റിലീസിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സിനിമയെ തേടി എത്തുന്നത്.

സിനിമയുടെ മേക്കിങ്ങും തിരക്കഥയും മോശമാണെന്നും പലയാവർത്തി പറഞ്ഞു പഴകിയ കഥയാണ് ഇതെന്നുമാണ് വിമർശനങ്ങൾ. ധനുഷിന്റെ അഭിനയത്തിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. ചിത്രത്തിലെ നിത്യ മേനന്റെ മേക്കപ്പ് വളരെ മോശവും ആർട്ടിഫിഷ്യൽ ആയി തോന്നുന്നെന്നും എന്നാൽ അതിനെ ചോദ്യം ചെയ്യാൻ പലരും മടിക്കുന്നു എന്നും കമന്റുകളുണ്ട്. ചിത്രം തിയേറ്ററിൽ നിന്ന് കാണാൻ മിസ് ആയവർ ഒടിടിയിൽ നിന്നും മിസ് ആക്കിക്കോളൂ എന്നാണ് ഒരു പ്രേക്ഷകൻ തമാശരൂപേണ കമന്റ് ചെയ്യുന്നത്. 45 കോടിയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാ മേനനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ, രാജ് കിരൺ, ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു. സെന്റിമെൻറ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡ്ലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡോൺ പിക്‌ച്ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിമ്സിന്റേയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡലി കടൈ നിർമിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. കിരൺ കൗശിക് ക്യാമറയും, ജി കെ പ്രസന്ന എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.