തൃഷയ്ക്ക് വേണ്ടി കറുപ്പിൽ ഡബ്ബ് ചെയ്തത് ഞാൻ, പക്ഷേ അക്കാര്യം തുറന്നുപറയാൻ ഭയമായിരുന്നു: ചിന്മയി
സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് തിയേറ്ററുകളിൽ പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. തൃഷയാണ് സൂര്യയുടെ നായികയായി എത്തിയത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു കറുപ്പ്. മലയാളത്തിൽ നിന്നും ഇന്ദ്രൻസ്, സ്വാസിക വിജയ്, അനഘ രവി തുടങ്ങീ മികച്ച അഭിനേതാക്കൾ അണിനിരന്ന ചിത്രത്തിൽ താരങ്ങളുടെ ഗംഭീര പ്രകടനം തന്നെയാണ് ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ ചിത്രത്തിൽ തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് താനാണെന്ന് പറഞ്ഞിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപാദ. ഭയം കൊണ്ടാണ് ഇത് തുറന്നുപറയാതിരുന്നതെന്നും ലിയോയിലെ പോലുള്ള അവസ്ഥ ബാലാജിക്ക് ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് പറയാതിരുന്നതെന്നും ചിന്മയി കൂട്ടിച്ചേർത്തു. എക്‌സിലൂടെയായിരുന്നു ചിന്മയിയുടെ പ്രതികരണം.
"കറുപ്പിന് ഡബ്ബ് ചെയ്തത് ഞാനാണ് എന്ന് പറയാൻ എനിക്ക് ശരിക്കും പേടിയായിരുന്നു. ആർ.ജെ. ബാലാജിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും എനിക്ക് വളരെക്കാലമായി അറിയാം. തന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ വളരേയധികം കഠിനാധ്വാനം ചെയ്ത ഒരാളുടെ കഥയാണ് ആർ.ജെ.ബിയുടേത്. അദ്ദേഹത്തേയും കുടുംബത്തേയും വളരെ നന്നായി അറിയുന്നതുകൊണ്ടാണ് ലിയോയുടെ അനുഭവം അദ്ദേഹത്തിന് ഉണ്ടാവരുതെന്ന് ഞാൻ പേടിച്ചത്. സിനിമയിലെ ഏതാനും രംഗങ്ങൾ ഡബ്ബ് ചെയ്തപ്പോൾ ഒരുപാട് കരഞ്ഞത് ഞാൻ ഓർക്കുന്നു. കഴിഞ്ഞതെല്ലാം ബിഗ് സ്‌ക്രീനിൽ കാണുന്നതുപോലെയായിരുന്നു. തൃഷയ്ക്കുവേണ്ടി ഡബ്ബ് ചെയ്യാൻ അനുവദിച്ചതിന് നന്ദി, ഈ അവസരത്തിന് ഞാൻ നന്ദിയുള്ളവളാണ് ആർ.ജെ. ബാലാജി. ഭയമില്ലാതെയും നാളെ എന്തുസംഭവിക്കുമെന്നോർത്തും എന്റെ നാട്ടിൽ ജോലി ചെയ്യാൻ കറുപ്പസ്വാമി എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജോലി ചെയ്യുന്നതിൽനിന്ന് വർഷങ്ങളായി വിലക്കപ്പെട്ട എന്റേയും മറ്റുള്ളവരുടേയും വിലക്ക് നീക്കാൻ ദൈവം സഹായിക്കട്ടെ" ചിന്മയി കുറിച്ചു.