“സിനിമ ഉപേക്ഷിച്ചു, എനിക്ക് രണ്ട് വയസ്സുള്ള നാല് കുട്ടികളുണ്ട്” ; വിവാദങ്ങൾക്ക് മറുപടിയുമായി തൃഷ
വിജയിയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നടി തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചർച്ചയായിരുന്നു.
വിജയിയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നടി തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചർച്ചയായിരുന്നു. നടനും തമിഴ് വെട്രി കഴകം അധ്യക്ഷനുമായ വിജയിയുടെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിക്ക് പിന്നാലെ നടി തൃഷയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
ഒരു നടിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് വിവാഹമോചന ഹർജിയിൽ സൂചിപ്പിച്ചതിനെ തുടർന്നാണ് അത് തൃഷയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് കാരണമായത്. ഇതിനിടെ ഒരു വിവാഹ ചടങ്ങിൽ വിജയിയും തൃഷയും ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു.
വിവാദങ്ങൾക്കൊപ്പം തന്നെ തൃഷ അഭിനയ ജീവിതം ഉപേക്ഷിക്കുന്നുവെന്നും ഒരു ബിസിനസുകാരനെ വിവാഹം കഴിക്കാൻ പോകുന്നുവെന്നുമുള്ള വാർത്തകൾ കാട്ടുതീ പോലെ പടർന്നു. എന്നാൽ ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് പരിഹാസം കലർന്ന മറുപടിയുമായി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. “ഞാൻ സിനിമ ഉപേക്ഷിച്ചു, ഒരു ധനികനെ വിവാഹം കഴിച്ചു, റിപ്പോർട്ടുകൾ പ്രകാരം എനിക്ക് രണ്ട് വയസ്സുള്ള നാല് കുട്ടികളുമുണ്ട്. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ അതോ ഇന്നത്തെ ക്വാട്ട കഴിഞ്ഞോ?” എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തൃഷ രൂക്ഷമായി പരിഹസിച്ചു.
തുടർച്ചയായ സൈബർ ആക്രമണങ്ങൾക്കിടയിലും സമാധാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് താരം മുൻപ് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. വിശദീകരണങ്ങളേക്കാൾ നല്ലത് നിശബ്ദതയാണെന്നും സമാധാനമാണ് മറ്റെന്തിനേക്കാളും വിലയേറിയതെന്നും താരം കുറിച്ചു. നിലവിൽ സിനിമയിൽ സജീവമായ തൃഷയുടെ ‘കറുപ്പ്’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. സൂര്യ നായകനാകുന്ന ഈ ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്തും.