ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ്. 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ ഒരുമിച്ചു നായകന്മാരായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തെ അഭൂതപൂർവമായ ആവേശത്തോടെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകം. ചിത്രം മെയ് 1 ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏപ്രിൽ നാലിന് വൈകുന്നേരം ആറ് മണിക്ക് തൃശൂർ രാഗം തിയേറ്ററിൽ ആരാധകരോടൊപ്പം മമ്മൂട്ടിയും, എറണാകുളം കവിത തിയേറ്ററിൽ ആരാധകരോടൊപ്പം മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യുക. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ട് മെഗാ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയ്‌ലറിന്റെ പ്രീമിയർ ലോഞ്ച് നടത്താൻ പോകുന്നത്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് വമ്പൻ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ വമ്പൻ ആക്ഷൻ രംഗങ്ങൾ ആയിരിക്കും ഈ സ്പൈ ത്രില്ലർ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ സൂചിപ്പിച്ചത്. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ചിത്രത്തിലെ മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, വനിതാ ദിനത്തിൽ പുറത്തു വന്ന ചിത്രത്തിലെ മറ്റു വനിതാ കഥാപാത്രങ്ങളുടെ പോസ്റ്ററുകളും, ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ബിടിഎസ് റീലും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.