‘ഇരുമുടി’യുടെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും
മാസ് ഹീറോ രവി തേജയെ നായകനാക്കി ശിവ നിർവാണ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഇരുമുടി’യുടെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും. വൈകുന്നേരം 6:03-നാണ് ട്രെയിലർ പുറത്തുവരുന്നത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമായ ഇത് പ്രമുഖ സിനിമാ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ള പ്രമേയമാണ് സിനിമ സംസാരിക്കുന്നത്.
പരമ്പരാഗത അയ്യപ്പസ്വാമിവേഷത്തിൽ അത്യന്തം ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജ ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു പെൺകുട്ടിയെ കയ്യിലേന്തി നിൽക്കുന്ന അദ്ദേഹത്തിന്റെ ലുക്ക്, കഥയിലെ ആഴത്തിലുള്ള അച്ഛൻ-മകൾ ബന്ധത്തിന്റെ വൈകാരികതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതുവരെ കണ്ടതിൽ നിന്നെല്ലാം വേറിട്ട കഥാപാത്രത്തെയാണ് നടൻ ഇതിൽ അവതരിപ്പിക്കുന്നത്. ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മെ തേടിയെത്താറുണ്ടെന്നും, ‘ഇരുമുടി’ പോലൊരു യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും രവി തേജ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രിയാ ഭവാനി ശങ്കർ നായികയാകുന്ന ചിത്രത്തിൽ ബേബി നക്ഷത്രയാണ് രവി തേജയുടെ മകളായി വേഷമിടുന്നത്. സായ് കുമാർ, അജയ് ഘോഷ്, സ്വാസിക, രമേഷ് ഇന്ദിര തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീതവും വിഷ്ണു ശർമ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. പ്രവീൺ പുഡിയാണ് എഡിറ്റിംഗ്.