'എവിടേയും മൊബൈൽ ഫോണുകളും ക്യാമറകളും മാത്രം, ഒരാളുടെ വിയോഗത്തിൽ ശാന്തമായി വിലപിക്കാൻ പോലും കഴിയാത്ത വിധം കുടുംബം ശ്വാസംമുട്ടുന്നത് കാണേണ്ടിവരുന്നത് ദാരുണമാണ്'; വിമർശനവുമായി സുപ്രിയ മേനോൻ
മലയാളത്തിൻ്റെ പ്രിയ നടൻ ശ്രീനിവാസന്റെ വിലാപയാത്രയ്ക്കിടെയുണ്ടായ ജനക്കൂട്ടത്തെ വിമർശിച്ച് സുപ്രിയ മേനോൻ. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യത മാനിക്കാതെ മൊബൈൽ ക്യാമറകളുമായി തിരക്ക് കൂട്ടുന്നവർക്കെതിരെയാണ് സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.

‘ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ ശാന്തമായി വിലപിക്കാൻ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസംമുട്ടുന്നത് കാണേണ്ടിവരുന്നത് ദാരുണമാണ്. എവിടെയും ക്യാമറകളും മൊബൈൽ ഫോണുകളും മാത്രം. സെൽഫി എടുക്കുന്നവർ, വിലാപയാത്രയിലേക്ക് എത്തുന്ന സിനിമാ താരങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവർ.
അവിടെയെത്തിയ പലരും തങ്ങളുടെ പ്രിയ സഹപ്രവർത്തകന്റെ വേർപാടിൽ വിലപിക്കുന്നവരും. മരിച്ചുപോയവർക്കും അവർ ബാക്കിവെച്ചു പോയവർക്കും കുറച്ചുകൂടി മര്യാദ നമ്മൾ നൽകേണ്ടതല്ലേ? ജീവിതത്തിന്റെ ഓരോ നിമിഷവും വെറുമൊരു കൗതുകദൃശ്യമായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു ദുരന്തത്തിന് നടുവിൽ നിൽക്കുന്ന ആ കുടുംബത്തിന്റെ വേദന ചിന്തിക്കാൻ പോലും കഴിയുന്നില്ല. സ്വയം ചിന്തിക്കാനും തിരുത്താനും നമ്മൾ തയ്യാറാകേണ്ടതല്ലേ? എത്രത്തോളം വാർത്താ പ്രാധാന്യം നൽകണം എന്നതിനൊരു പരിധിയില്ലേ? പ്രിയപ്പെട്ട ഒരാളോട് വിടപറയാൻ ശ്രമിക്കുന്ന കുടുംബത്തിന്റെ ദൃശ്യങ്ങൾ എല്ലാവരും കാണുന്ന രീതിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകർമങ്ങൾ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടുകയും ചെയ്യേണ്ടതുണ്ടോ?’- സുപ്രിയ മേനോൻ കുറിച്ചു.