തന്റെ പുതിയ ചിത്രമായ ‘ടോക്‌സിക്’ കുട്ടികൾ കാണരുത് ; മുന്നറിയിപ്പുമായി യഷ്
തന്റെ പുതിയ ചിത്രമായ ‘ടോക്‌സിക്’ കുട്ടികൾ കാണരുതെന്ന മുന്നറിയിപ്പുമായി കന്നഡ സൂപ്പർതാരം യഷ് രംഗത്ത്. ചിത്രം മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിലെ ബോൾഡ് രംഗങ്ങളെയും വയലൻസിനെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് യഷിന്റെ ഈ പ്രതികരണം.
ആക്ഷനും വയലൻസിനും ബോൾഡ് രംഗങ്ങൾക്കും പ്രാധാന്യമുള്ള ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തുവന്നിരുന്നു. ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഇന്ത്യ ടി.വിയുടെ ‘ആപ് കി അദാലത്’ പരിപാടിയിൽ യഷ് വ്യക്തമാക്കി.
‘കുട്ടികൾ ചിത്രം കാണരുത്. ഈ സിനിമ കുട്ടികൾക്ക് വേണ്ടിയുള്ളതല്ലെന്ന് വളരെ വ്യക്തമാണ്. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് മുതിർന്നവർക്ക് അറിയാം,’ എന്ന് യഷ് പറഞ്ഞു. ചിത്രത്തിന്റെ ടാഗ്‌ലൈനായ ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’ എന്നത് തന്നെ സിനിമ മുതിർന്നവർക്ക് വേണ്ടിയുള്ളതാണെന്നതിന്റെ സൂചനയാണെന്നും, ട്രെയ്‌ലറിന് അപ്പുറത്തേക്ക് ആഴത്തിലുള്ള ഒരു കഥ ചിത്രത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യഷ് ഇരട്ട ലുക്കിലാണ് എത്തുന്നത്. കിയാര അദ്വാനി, നയൻതാര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിൽ എത്തും.