‘ടോക്സിക്’ റിലീസ് മാറ്റിവെച്ചു ; പുതിയ തീയതി പുറത്ത്
യാഷ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ‘ടോക്സിക്’ സിനിമയുടെ റിലീസ് മാറ്റിവെച്ചു. 2026 മാർച്ച് 19-ന് നിശ്ചയിച്ചിരുന്ന റിലീസ്, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മൂലമുണ്ടായ അനിശ്ചിതാവസ്ഥയെത്തുടർന്നാണ് നീട്ടിയത്. പുതിയ അറിയിപ്പ് പ്രകാരം ജൂൺ 4-നായിരിക്കും ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തുക. റിലീസിന് വെറും 16 ദിവസങ്ങൾ മാത്രം ശേഷിക്കെ ഉണ്ടായ ഈ അപ്രതീക്ഷിത മാറ്റം ആരാധകരെ നിരാശരാക്കിയിട്ടുണ്ടെങ്കിലും, മികച്ചൊരു ദൃശ്യാനുഭവം ഉറപ്പാക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ഒന്നാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയ ആക്ഷൻ ടീസറും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. രക്തരൂക്ഷിതമായ ബാത്ത് ടബ്ബിൽ പരുക്കൻ ലുക്കിലിരിക്കുന്ന യാഷിന്റെ പോസ്റ്റർ ‘ബാഡാസ്’ വൈബ് നൽകുന്നതാണ്. ടീസറിലെ വയലൻസ് രംഗങ്ങളും ആക്ഷനും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ചിത്രത്തിൽ യാഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചനയും പുതിയ ടീസർ നൽകുന്നുണ്ട്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിങ്ങനെ വമ്പൻ വനിതാ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നത് ടോക്സികിന്റെ മറ്റൊരു പ്രത്യേകതയാണ്.
കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി രാജീവ് രവി, രവി ബസ്രൂർ തുടങ്ങിയ പ്രമുഖരാണ് അണിനിരക്കുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയും അൻപറിവും ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത് പുറത്തിറങ്ങുന്ന ടോക്സിക്, കഥയ്ക്കും ആഖ്യാനത്തിനും മുൻതൂക്കം നൽകുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും. റിലീസ് തീയതി മാറിയെങ്കിലും ചിത്രത്തെക്കുറിച്ചുള്ള ഹൈപ്പ് പതിന്മങ്ങ് വർദ്ധിച്ചിരിക്കുകയാണ്.