‘ടോക്സിക്കി’ൽ അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചിരുന്നു ; നയൻതാര
യഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്കി’ൽ അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചിരുന്നുവെന്ന് നടി നയൻതാര. ബെംഗളൂരുവിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിങ് ചടങ്ങിനിടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ചിത്രത്തിനായി ആദ്യം വിളിച്ചപ്പോൾ എനിക്ക് വലിയ ഉറപ്പില്ലായിരുന്നു, കാരണം ഇതിൽ ഒരുപാട് അഭിനേതാക്കളുണ്ട്. ഒന്നിലധികം താരങ്ങൾ ഒരേ പ്രാധാന്യത്തിലെത്തുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് സാധാരണയായി ചെറിയ മടിയുണ്ട്. എന്നാൽ ഗീതു മോഹൻദാസിന്റെ കഥ കേട്ടപ്പോൾ ആ തീരുമാനം മാറ്റുകയായിരുന്നെന്നും നയൻതാര പറഞ്ഞു.
സംവിധായിക ഗീതു മോഹൻദാസുമായി ഇരുപത് വർഷത്തോളമായി നീളുന്ന സൗഹൃദമുണ്ടെന്ന് നയൻതാര ഓർത്തെടുത്തു. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ‘രാപ്പകൽ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും നയൻതാര വേദിയിൽ പറഞ്ഞു. ഗീതുവിന്റെ അവിശ്വസനീയമായ കാഴ്ചപ്പാടും സിനിമയോടുള്ള അർപ്പണബോധവുമാണ് തന്നെ ഈ പ്രോജക്റ്റിലേക്ക് ആകർഷിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ‘ടോക്സിക്’ വരുന്ന ആഗസ്റ്റ് 26-നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച സിനിമയുടെ മറ്റ് ഭാഷകളിലെ ഡബ്ബ് പതിപ്പുകളും വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.