ഓണത്തിന് ചിരിയുടെ പൂരം തീർത്ത് ടൊവിനോ ചിത്രം
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഗ്രാമീണ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ പ്രണയവും കുടുംബബന്ധങ്ങളും നർമവും ചേർത്തൊരുക്കിയ മനോഹരമായ ഫീൽഗുഡ് ചിത്രമാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയും വൈകാരിക മുഹൂർത്തങ്ങളിലൂടെ കൊണ്ടുപോകുകയും ചെയ്യുന്ന രണ്ടര മണിക്കൂറിലേറെ നീളുന്ന ലളിതമായ ദൃശ്യാനുഭവം.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഗ്രാമീണ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ പ്രണയവും കുടുംബബന്ധങ്ങളും നർമവും ചേർത്തൊരുക്കിയ മനോഹരമായ ഫീൽഗുഡ് ചിത്രമാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയും വൈകാരിക മുഹൂർത്തങ്ങളിലൂടെ കൊണ്ടുപോകുകയും ചെയ്യുന്ന രണ്ടര മണിക്കൂറിലേറെ നീളുന്ന ലളിതമായ ദൃശ്യാനുഭവം.
കറുകുറ്റിയിൽ കാറ്ററിങ് സർവിസ് നടത്തുന്ന ജസ്റ്റിനും അയൽവാസിയായി എത്തുന്ന ആഷ്‌ലിയും തമ്മിലുള്ള ബന്ധമാണ് കഥയുടെ കേന്ദ്രം. ജസ്റ്റിനേക്കാൾ പ്രായം കുറഞ്ഞ ആഷ്‌ലിയോടുള്ള പ്രണയം നാട്ടിലും കുടുംബത്തിലും ഉണ്ടാക്കാവുന്ന പ്രതികരണങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഇരുവരും തമ്മിലുള്ള അടുപ്പം വളരുകയാണ്. പ്രായവ്യത്യാസമുള്ള പ്രണയത്തെ അതിരുകടന്ന നാടകീയതയില്ലാതെ പക്വമായ രീതിയിൽ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ശ്രദ്ധേയമായ പ്രത്യേകത.
അങ്കമാലിയിലും പരിസരങ്ങളിലുമുള്ള കുടുംബങ്ങളുടെയും ഇടവക ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ മുന്നേറുന്നത്. വ്യത്യസ്ത പ്രായത്തിലുള്ള പ്രേക്ഷകർക്ക് ഒരുപോലെ കണക്റ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളാണ് തിരക്കഥയുടെ കരുത്ത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നൊരുക്കിയ തിരക്കഥയിൽ രസകരമായ സംഭാഷണങ്ങളും പരസ്പരം ബന്ധിപ്പിക്കുന്ന കഥാപാത്രങ്ങളും ധാരാളമുണ്ട്. ആദ്യപകുതി മികച്ച വേഗത്തിലാണ് മുന്നേറ്റം. അവസാന ഘട്ടത്തിലെത്തുമ്പോൾ ചിത്രം വീണ്ടും പ്രേക്ഷകരെ വൈകാരികമായി ചേർത്തുപിടിച്ച് സന്തോഷകരമായ അനുഭവത്തിലാണ് അവസാനിക്കുന്നത്.
ജസ്റ്റിനായി നിവിൻ പോളി സ്വാഭാവികമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രണയിതാവായും സഹോദരനായും സുഹൃത്തായും കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങൾ നിവിൻ മികവോടെ അവതരിപ്പിക്കുന്നു. ആഷ്‌ലിയായി മമിത ബൈജുവും മികച്ച പിന്തുണ നൽകുന്നു. 'പ്രേമലു'വിലെ പോലെ പ്രണയിനി യാണെങ്കിലും അതിൽ നിന്നു തികച്ചും വ്യത്യസ്തമായി ബിഹേവ് ചെയ്യാൻ നമിതക്ക് കഴിഞ്ഞു എന്നുള്ളത് അഭിനയ മികവാണ്. ഇരുവരുടെയും കൂട്ടുകെട്ട് കഥയുടെ രസവും പ്രണയഭാവവും ഒരുപോലെ ഉയർത്തുന്നു.
സഹതാരങ്ങളുടെ പ്രകടനവും ചിത്രത്തിന് വലിയ ഊർജം നൽകുന്നുണ്ട്. സംഗീത് പ്രതാപ് പതിവ് പോലെ ചിരിപ്പടക്കങ്ങൾ ഇടക്കിടക്ക് പൊട്ടിച്ചാണ് മുന്നേറുന്നത്. വിനയ് ഫോർട്ടിൻ്റെ അമ്മാവൻ കഥാപാത്രം ഏറെ ചിരിയുണർത്തുന്നതാണ്. വില്ലത്തരങ്ങളിൽ നിന്ന് വിറ്റുകളിലേക്ക് കൂടുമാറിയ സുരേഷ് കൃഷ്ണ സ്വാഭാവിതയോടെയാണ് പൊട്ടിച്ചിരിപ്പിക്കുന്നത്. ഏത് വേഷവും അഭിനയിച്ചു ഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഇത് കാട്ടിത്തരുന്നു. ‘പ്രേമലു’വിലൂടെ ശ്രദ്ധ നേടിയ ശ്യാം മോഹനും വില്ലനായാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും സ്വാഭാവിക നർമവുമായി പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്.
പാർവതി അയ്യപ്പദാസ് സെക്കൻഡ് നായികയെന്നോണം ഉയരുന്നുണ്ട് പലപ്പോഴും അഭിനയത്തിലും കഥാപാത്രത്തിലും. ശ്രിന്ദയും മീനാക്ഷി രവീന്ദ്രനും 'പൊട്ടിത്തെറിപ്പുള്ള' രസകരമായ കഥാപാത്രങ്ങളായി ശ്രദ്ധേയ അഭിനയം കാഴ്ചവെക്കുന്നു. കന്യാസ്ത്രീയായി ഗസ്റ്റ് റോളിലെത്തുന്ന ബിന്ദു പണിക്കർ പോലും ചിരിയുയർത്തി ശ്രദ്ധേയമാകുന്നുണ്ട്. ഷമീർ ഖാനും റോഷൻ ഷാനവാസും നർമരംഗങ്ങളിൽ കൈയടി നേടിയാണ് മുന്നേറുന്നത്.
വെട്ടുകിളി പ്രകാശ്, മഞ്ജുശ്രീ, ജയശങ്കർ കരിമുട്ടം, അഭിറാം രാധാകൃഷ്‌ണൻ, വിനീത് വിശ്വം, തങ്കം മോഹൻ, സനത് ശിവരാജ് എന്നിവരൊക്കെ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുന്നു.
ഗിരീഷ് എ.ഡിയുടെ മേക്കിങ്ങിലെ സൂക്ഷ്മത ഓരോ രംഗങ്ങളിലും പ്രകടമാണ്. സാധാരണ ജീവിതത്തിൽ നിന്നുള്ള ചെറിയ സംഭവങ്ങളും സംഭാഷണങ്ങളും കൃത്യമായി ഉപയോഗിച്ചിരിക്കുന്നത് ചിത്രത്തെ കൂടുതൽ പരിചിതമാക്കുന്നു. വലിയ സംഘർഷങ്ങളോ അമിതമായ ട്വിസ്റ്റുകളോ ഇല്ലാതെ കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന തരത്തിലാണ് കഥ.
അജ്മൽ സാബുവിന്റെ ഛായാഗ്രഹണം ഗ്രാമീണ അന്തരീക്ഷത്തിന്റെ ഭംഗിയും കഥാപാത്രങ്ങളുടെ നിഷ്കളങ്കതയും മനോഹരമായി പകർത്തുന്നുണ്ട്. അതോടൊപ്പം ഗോവയിലെത്തുമ്പോൾ അവിടുത്തെ കടൽത്തീരവും വൈബും ഒപ്പിയെടുക്കുന്നതിലും വിജയിക്കുന്നുണ്ട് കാമറക്കണ്ണുകൾ. വിഷ്ണു വിജയിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നു. വിനായക് ശശികുമാറിന്റെ ഗാനവരികളും ശ്രദ്ധേയമാണ്. ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിംഗ് ചിത്രത്തിന്റെ ഒഴുക്ക് നിലനിർത്തുന്നതിൽ നിർണായകമാണ്.
ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെയും ഭാവന സ്റ്റുഡിയോസിന്റെയും ബാനറിലാണ് ഈ ഇഷ്ട ചിത്രം നിർമിച്ചിരിക്കുന്നത്. അടിയും ആക്ഷനും നിറഞ്ഞ ഓണക്കാല റിലീസുകൾക്കിടയിൽ പ്രണയവും നർമവും കുടുംബബന്ധങ്ങളും നിറഞ്ഞ ശാന്തമായൊരു സിനിമാനുഭവമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. കുടുംബത്തോടൊപ്പം കാണാൻ കഴിയുന്ന ക്ലീൻ എന്റർടെയ്‌നർ എന്ന നിലയിൽ ചിത്രം പ്രേക്ഷകർക്ക് തൃപ്തി നൽകി ഓണക്കാലം തൂക്കിയെന്ന് പറയാം.