നടൻ ടൈഗർ ഷ്റോഫ് വീണ്ടും പൊതുവേദിയിൽ എത്തി
മുംബൈയിൽ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായി ഒരു മാസത്തിലേറെ കാലത്തിന് ശേഷം നടൻ ടൈഗർ ഷ്റോഫ് വീണ്ടും പൊതുവേദിയിൽ പ്രകടനവുമായി എത്തി. ഗ്ലോബൽ പീസ് ഓണേഴ്സ് 2026 വേദിയിൽ നിന്നുള്ള തന്റെ നൃത്തത്തിന്റെ വിഡിയോ ശനിയാഴ്ചയാണ് താരം പങ്കുവെച്ചത്. ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തിൽ ‘ദേവ ശ്രീ ഗണേശ’ എന്ന ഗാനത്തിനാണ് അദ്ദേഹം ചുവടുവെച്ചത്.
ഒക്ടോബർ 18ന് നടന്ന വെടിവെപ്പ് സംഭവത്തിന് ശേഷം ടൈഗർ ഷ്റോഫിന്റെ ആദ്യ പൊതുപ്രകടനമായിരുന്നു ഇത്. കനത്ത സുരക്ഷയിൽ ജോലിയിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അദ്ദേഹം വേദിയിലെത്തിയത്. പ്രകടനത്തിനിടയിൽ ഒരു നായ അപ്രതീക്ഷിതമായി വേദിയിലേക്ക് കയറിവന്നെങ്കിലും, ഒട്ടും തടസ്സമില്ലാതെ ടൈഗർ ഷ്റോഫ് നൃത്തം തുടർന്നു. ‘വീണ്ടും വേദിയിലേക്ക് എത്താനായതിൽ സന്തോഷം. ഈ വർഷവും ഷോ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും അമൃത ഫഡ്നാവിസ് ജിക്കും നന്ദി. എന്നും അഭിമാനകരമായ കാര്യമാണിത്’ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ടൈഗർ കുറിച്ചു.
2012ൽ പുറത്തിറങ്ങിയ 'അഗ്നിപഥ്' എന്ന ചിത്രത്തിലെ 'ദേവ ശ്രീ ഗണേശ' ഗാനത്തിനാണ് അദ്ദേഹം നൃത്തം ചെയ്തത്. ചുവന്ന ധോത്തിയും, ഒന്നിലധികം മാലകളും, മെറ്റാലിക് ആം കഫുകളും, തോളിൽ അലങ്കാര വസ്ത്രവും അണിഞ്ഞാണ് താരം വേദിയിൽ എത്തിയത്. ടൈഗർ ഷ്റോഫ് നൃത്തം ചെയ്യുന്നതിനിടയിൽ ഒരു നായ വേദിയിലേക്ക് കയറിവരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏതാനും നിമിഷങ്ങൾ വേദിയിൽ നിന്ന ശേഷം ഒരു മിനിറ്റിനുള്ളിൽ തന്നെ അത് ശാന്തമായി പടികൾ ഇറങ്ങിപ്പോയി. യാതൊരു പതർച്ചയുമില്ലാതെ താരം പ്രകടനം പൂർത്തിയാക്കി.
ബാങ്കറും സാമൂഹിക പ്രവർത്തകയുമായ അമൃത ഫഡ്നാവിസ് സ്ഥാപിച്ച എൻജിഒ ആയ ദിവ്യാജ് ഫൗണ്ടേഷനാണ് ഗ്ലോബൽ പീസ് ഓണേഴ്സ് 2026 സംഘടിപ്പിച്ചത്. ഭീകരവാദത്തിന്റെ ഇരകളെയും ധീരരെയും ആദരിക്കുകയും സമാധാനത്തിനും അതിജീവനത്തിനും മാനവികതക്കും വേണ്ടി നിലകൊണ്ടവരെ അംഗീകരിക്കുകയുമാണ് ഈ വാർഷിക സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഐക്യത്തിനും ഓർമപ്പെടുത്തലിനും പ്രാധാന്യം നൽകിയ ചടങ്ങിൽ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, രൺവീർ സിങ്, വിക്രാന്ത് മാസി, മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.