ഒറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളൂ, മൂച്വല്‍ ബ്രേക്കപ്പായിരുന്നു: കോളജ് കാലത്തെ പ്രണയത്തെക്കുറിച്ച് ജേസണ്‍ സഞ്ജയ്

ബ്രേക്ക് അപ്പ് ആയതിനു ശേഷം സ്റ്റോറിയൊക്കെ ഇട്ട് പിന്നെയും നമ്മള്‍ കണക്ഷനിലുണ്ടെങ്കില്‍, നമുക്കതില്‍ നിന്ന് പുറത്തേക്ക് വരാന്‍ പറ്റില്ല.

 

ബ്രേക്ക് അപ്പിലായിരുന്ന സമയത്ത് യുവന്‍ ശങ്കര്‍ രാജയുടെ പ്രണയഗാനങ്ങളെല്ലാം ഞാനിരുന്ന് കേള്‍ക്കുമായിരുന്നു.

പഴയ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും തുറന്ന് പറഞ്ഞു വിജയിയുടെ മകനും സംവിധായകനുമായ ജേസണ്‍ സഞ്ജയ്. കോളജ് കാലത്തെ ഒന്നര വര്‍ഷം നീണ്ട പ്രണയവും, പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലും, അതിനുശേഷമുള്ള അതിജീവനവുമാണ് ജേസണ്‍ പങ്കുവെക്കുന്നത്. ബ്രേക്കപ്പ് നല്‍കിയ സങ്കടങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ യുവന്‍ ശങ്കര്‍ രാജയുടെ പാട്ടുകള്‍ കേട്ടതിനെക്കുറിച്ചും, സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നുനിന്ന് സ്വയം വീണ്ടെടുത്തതിനെക്കുറിച്ചും ജേസണ്‍ സംസാരിച്ചു.

'ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ. കുറേ നാള്‍ മുന്‍പായിരുന്നു അത്, കോളജില്‍ പഠിക്കുമ്പോള്‍. ഒന്നര വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. മൂച്വല്‍ ബ്രേക്ക് അപ്പായിരുന്നു. ഞങ്ങള്‍ രണ്ട് പേരും പരസ്പരം സംസാരിച്ച് പിരിഞ്ഞു. ആ സമയത്ത് ഞാന്‍ വേറൊരു അവസ്ഥയിലായിരുന്നു. ബ്രേക്ക് അപ്പിലായിരുന്ന സമയത്ത് യുവന്‍ ശങ്കര്‍ രാജയുടെ പ്രണയഗാനങ്ങളെല്ലാം ഞാനിരുന്ന് കേള്‍ക്കുമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇടുന്ന പരിപാടിയൊന്നും എനിക്കില്ലായിരുന്നു. ബ്രേക്ക് അപ്പ് ആയതിനു ശേഷം സ്റ്റോറിയൊക്കെ ഇട്ട് പിന്നെയും നമ്മള്‍ കണക്ഷനിലുണ്ടെങ്കില്‍, നമുക്കതില്‍ നിന്ന് പുറത്തേക്ക് വരാന്‍ പറ്റില്ല.

അതുകൊണ്ട് നമ്മള്‍ തമ്മില്‍ ഒരു അകലം പാലിച്ചിരുന്നു. വേണ്ട എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ഞാനെപ്പോഴും എന്നെ തന്നെ കണ്‍ട്രോള്‍ ചെയ്യും. ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്. അത് ആ സമയത്ത് നടന്നത് നന്നായി. നമ്മള്‍ നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു. അതിന് ശേഷം ഞാന്‍ പിന്നെ സിഗ്മയുടെ കാര്യങ്ങളിലേക്ക് ഇറങ്ങി; ജേസണ്‍ പറഞ്ഞു.