'തേന്മാവിൻ കൊമ്പത്ത്' ഒക്ടോബർ 1ന് തിയേറ്ററുകളിലെത്തും
മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ 'തേന്മാവിൻ കൊമ്പത്ത്' 32 വർഷങ്ങൾക്ക് ശേഷം 4K റീമാസ്റ്റർ ചെയ്ത പതിപ്പായി വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം ഒക്ടോബർ 1ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ 'തേന്മാവിൻ കൊമ്പത്ത്' 32 വർഷങ്ങൾക്ക് ശേഷം 4K റീമാസ്റ്റർ ചെയ്ത പതിപ്പായി വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം ഒക്ടോബർ 1ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ശോഭന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ തുടങ്ങിയവർ തിളങ്ങിയ സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും കോർത്തിണക്കിയ ചിത്രത്തിലെ രംഗങ്ങളും ഇന്നും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞോടുന്നുണ്ട്. പ്രപ്രിയദർശൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ എൻ. ഗോപാലകൃഷ്ണൻ ആണ് നിർമ്മാതാവ്.
ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതാണ് ചിത്രത്തിന്റെ സംഗീതവും ഗാനങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമെല്ലാം. കാലാതീതമായ ഈ സിനിമ പുതിയ തലമുറയ്ക്കും ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാനുള്ള അവസരമാണ് 4K റീമാസ്റ്റർ പതിപ്പിലൂടെ ഒരുങ്ങുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച 'മാറ്റിനി നൗ' ആണ് 4K റീമാസ്റ്റർ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്.
പ്രസാദ് ലാബിൽ 8K-യിൽ ആദ്യമായി സ്കാൻ ചെയ്ത കണ്ടന്റ് ആണ് 4K സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് നേരിട്ട് 8K സാങ്കേതികവിദ്യയിലേക്ക് സ്കാൻ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ ജീവൻ നൽകി ഡോൾബി അറ്റ്മോസിൽ മിക്സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്.