‘രണബാലി’ ഒക്ടോബർ 16-ന് തിയറ്ററുകളിലേക്ക്

 വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് പീരിയഡ് ആക്ഷൻ ഡ്രാമ ചിത്രം ‘രണബാലിയുടെ’ റീലിസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായെത്തുന്നത്.

 

 വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് പീരിയഡ് ആക്ഷൻ ഡ്രാമ ചിത്രം ‘രണബാലിയുടെ’ റീലിസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായെത്തുന്നത്. സെപ്റ്റംബർ 11-ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം റിലീസ് മാറ്റിവെച്ചതിനെത്തുടർന്ന് ഒക്ടോബർ 16-നാണ് ഇപ്പോൾ റീലിസിനായി തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നോർത്ത് അമേരിക്കൻ -അയർലൻഡ് ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു.

റിലീസിനോട് അടുത്ത വേളയിൽ ചിത്രത്തിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. ഒക്ടോബർ 8-ന് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നേ പുറത്തിറങ്ങിയ ടീസറിനും ആദ്യ ഗാനത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. അജയ്-അതുൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘എന്തയ്യ സാമി’ എന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ട് കോടിക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. വിജയും രശ്മികയും വിവാഹശേഷം വീണ്ടും വലിയ സ്ക്രീനിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെയും ബ്രിട്ടീഷ് ഭരണകാലത്ത് ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ‘രണബാലി’ എന്ന പോരാളിയായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ, ‘ജയമ്മ’ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. കൂടാതെ ‘ദി മമ്മി’യിലൂടെ പ്രശസ്തനായ ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ ബ്രിട്ടീഷ് വില്ലൻ കഥാപാത്രമായി ചിത്രത്തിലുണ്ട്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം ഇന്ത്യൻ സിനിമാലോകത്തെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.