കാത്തിരിപ്പിന് അറുതി ; ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിലേക്ക്
മലയാള സിനിമയിലെ മാസ്റ്റർ ഓഫ് സസ്‌പെൻസ് ജീത്തു ജോസഫും ബിജു മേനോനും ഒന്നിക്കുന്ന ക്രൈം ഡ്രാമ ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്ന ‘ആന്റണി സേവ്യർ’ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബിജു മേനോനും ജോജു ജോർജ്ജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വേറിട്ട അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം, ദൃശ്യം, മെമ്മറീസ്, കൂമൻ, നേര് തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സാണ് സിനിമയുടെ വിതരണം നിർവ്വഹിക്കുന്നത്. കൊച്ചി, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ തുടങ്ങിയ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒരു ക്രൈം ഡ്രാമയ്ക്ക് വേണ്ടുന്ന ഉദ്വേഗജനകമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സാങ്കേതിക മേഖലയിലും മികച്ച പ്രമുഖർ അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പും എഡിറ്റിംഗ് വിനായകും നിർവ്വഹിക്കുന്നു. വിഷ്ണു ശ്യാം സംഗീതം പകരുമ്പോൾ വിനായക് ശശികുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവർ കോ- പ്രൊഡ്യൂസർമാരും, കത്തീന ജീത്തു, മിഥുൻ എബ്രഹാം എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. പ്രശാന്ത് മാധവ് (പ്രൊഡക്ഷൻ ഡിസൈൻ), ലിൻഡ ജീത്തു (കോസ്റ്റ്യൂം), അർഫാസ് അയൂബ് (ചീഫ് അസോസിയേറ്റ് ഡയറക്ടർ) തുടങ്ങി വലിയൊരു സംഘം ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നു. ബിജു മേനോന്റെ ശക്തമായ തിരിച്ചുവരവാകും ഈ കഥാപാത്രമെന്നാണ് പുറത്തുവരുന്ന ക്യാരക്ടർ പോസ്റ്ററിന് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നത്.