സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത്, ചില സർപ്രൈസുകളുണ്ട്'; കാട്ടാളൻ ടീം
ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാട്ടാളൻ'. സിനിമയുടെ റിലീസിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ. സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത് എന്നാണ് പ്രേക്ഷകരോട് അണിയറപ്രവർത്തകർ ആവശ്യപ്പെട്ടിരിക്കുന്നത്.
'പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്' എന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുന്ന പോസ്റ്ററിൽ പറയുന്നത് ഇപ്രകാരമാണ്. ''സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത്. കാട്ടാളനിൽ 3 പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ഉണ്ട്. രണ്ട് പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ടൈറ്റിൽ കാർഡ് സമയത്തും മൂന്നാമത്തേത് എൻഡ് ക്രെഡിറ്റ്സ് പൂർണ്ണമായി അവസാനിച്ചതിന് ശേഷവുമാണ്. അതിനാൽ അവസാന നിമിഷം വരെ കാത്തിരിക്കൂ, കാരണം വേട്ട ഇവിടെ അവസാനിക്കുന്നില്ല'', എന്നാണ് പോസ്റ്ററിലുള്ളത്. പെരുന്നാൾ റിലീസായി 28നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
റിലീസിന് മുന്നോടിയായി രവി ബസ്രൂറിന്‍റെ സംഗീതത്തിൽ കഴിഞ്ഞ ദിവസം എത്തിയ 'ബ്ലഡ് ഓൺ ടസ്ക്' എന്ന കരുത്തുറ്റ ഗാനം സോഷ്യൽ മീഡിയയിൽ ആളിപ്പടർന്നിരിക്കുകയാണ്. പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെട്ട ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 'കാട്ടാളൻ' ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്‍റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്.
ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിൻറേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് സൂചന. 'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ 'മാർക്കോ'യ്ക്ക് ശേഷമാണ് വീണ്ടും സഹകരിക്കുന്നത്. 'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിൻ്റെ വന്യമായ ഈണവുമായുള്ള മ്യൂസിക് നൽകിയിരിക്കുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ. . 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‍ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങൾ വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.