ആ വീഡിയോയില്‍ പ്രേതത്തെ കാണിക്കുന്നില്ല പക്ഷേ അത് കാണുമ്പോള്‍ നമുക്ക് ഒരു പേടി തോന്നും ; ഭൂതകാലം ചെയ്തതിനെ കുറിച്ച് ഷെയ്ന്‍ നിഗം

രേവതിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു

 

ഒടിടി റിലീസായി എത്തിയ സിനിമ മികച്ച പ്രതികരണം ആണ് നേടിയത്.

ഷെയിന്‍ നിഗത്തിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ ഹൊറര്‍ ചിത്രമാണ് ഭൂതകാലം. ഒടിടി റിലീസായി എത്തിയ സിനിമ മികച്ച പ്രതികരണം ആണ് നേടിയത്. രേവതിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രവുമായി തന്നെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ സമീപിച്ചതിനെ കുറിച്ച് മനസുതുറക്കുകയാണ് ഷെയിന്‍ നിഗം. 

'ചില സിനിമകള്‍ ഉണ്ട് അത് സംഭവിക്കാന്‍ വേണ്ടി ബാക്കി എല്ലാം നമുക്ക് അനുകൂലമായി വരും അത്തരമൊരു സിനിമ ആയിരുന്നു ഭൂതകാലം. കോവിഡ് സമയത്ത് നമുക്ക് സിനിമകള്‍ ഇല്ല, എന്താകുമെന്ന് അറിയില്ല. ആ സമയത്ത് വളരെ പാഷനേറ്റ് ആയി ഇറങ്ങി തിരിച്ച സിനിമയാണ് ഭൂതകാലം. മൂന്ന് നാല് മാസം ഫുള്‍ ക്രൂ ഇരുന്ന് വര്‍ക്ക് ചെയ്ത സിനിമയാണത്. ഭൂതകാലത്തിന്റെ കഥ കേള്‍ക്കണം എന്ന് പറഞ്ഞ് ഉമ്മയോടാണ് രാഹുല്‍ സദാശിവന്‍ സമീപിക്കുന്നത്. പുള്ളി ഒരു വീഡിയോ ആദ്യം അയച്ചു. ആ വീഡിയോയില്‍ പ്രേതത്തെ കാണിക്കുന്നില്ല പക്ഷേ അത് കാണുമ്പോള്‍ നമുക്ക് ഒരു പേടി തോന്നും. എന്തോ ഒരു നിഴല്‍, അത് ആലോചിക്കുമ്പോള്‍ പോലും ഒരു നെഗറ്റീവ് വൈബ് ആണ്. അത് എനിക്കൊരു പുതിയ പരിപാടി ആയി തോന്നി. പിന്നെ അദ്ദേഹം വന്നു വളരെ കോണ്‍ഫിഡന്റ് ആയി കഥ പറഞ്ഞു. പിന്നെ ആ സിനിമ അങ്ങ് നടന്നു', ഷെയിന്‍ പറഞ്ഞു