ആഗോള കളക്ഷൻ 167 കോടി കടന്ന് ‘ദ പാരഡൈസ്’
തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ‘ദ പാരഡൈസ്.’ വമ്പൻ റിലീസായി കേരളത്തിലെത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. വമ്പൻ വിജയമായ ‘ദസറ’യ്ക്ക് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ മികച്ച കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ ആഗോളതലത്തിൽ ആകെ 167 കോടി രൂപയാണ് ‘ദ പാരഡൈസ്’ സ്വന്തമാക്കിയിരിക്കുന്നത്.
വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം ഒരു അമ്മ-മകൻ ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നതെന്ന് നാനി വ്യക്തമാക്കിയിരുന്നു. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഇതിനോടകം പുറത്തിറങ്ങിയ “ആയാ ഷേർ”, “യേഷാ നഗുല” എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റായി ഒരുക്കിയ ഈ ചിത്രത്തിൽ, നാനി അവതരിപ്പിക്കുന്ന ‘ജദാൽ’ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ് അവതാരമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും ചിത്രത്തിന്റേതായി ടീസർ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ വയലൻസിനും ആക്ഷനും വലിയ പ്രാധാന്യമാണുള്ളത്.
‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ‘വിക്രം മാലിക്’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നാനിക്കും രാഘവ് ജൂയലിനും പുറമെ കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തിയത്.