അവിടുത്തെ ജിമിട്ടു പിള്ളേർ എന്നെ ചീത്ത വിളിക്കുന്നു; ഞാൻ ഗില്ലി ഫസ്റ്റ് ഡേ കണ്ട് ഡാൻസ് കളിച്ച ഫാൻ'; വിജയ് പരാമർശത്തിലെ വിവാദത്തിൽ ധ്യാൻ ശ്രീനിവാസൻ
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെക്കുറിച്ച് താൻ നടത്തിയ തമാശ രൂപേണയുള്ള പരാമർശവും, തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളും സംബന്ധിച്ച് പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. തന്റെ പുതിയ ചിത്രമായ 'തേവരി'ന്റെ പ്രൊമോഷന്റെ ഭാഗമായി 'ഒറിജിനൽസ്' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ മനസ്സ് തുറന്നത്.
കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെക്കുറിച്ച് താൻ നടത്തിയ തമാശ രൂപേണയുള്ള പരാമർശവും, തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളും സംബന്ധിച്ച് പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. തന്റെ പുതിയ ചിത്രമായ 'തേവരി'ന്റെ പ്രൊമോഷന്റെ ഭാഗമായി 'ഒറിജിനൽസ്' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ മനസ്സ് തുറന്നത്.
നേരത്തെ 'വിസിറ്റർ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ, താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുൻനിരയിൽ തന്നെയുണ്ടാകണമെന്ന് ധ്യാൻ തമാശയായി പറഞ്ഞിരുന്നു. ഇത് വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെടുത്തി തമിഴ് സിനിമാ പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാവുകയും ധ്യാനിനെതിരെ സൈബർ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ: തന്റെ സിനിമകൾ തമിഴ്നാട്ടിൽ ഓടിക്കില്ലെന്ന തരത്തിൽ കമന്റുകൾ വന്നിരുന്നതായി ധ്യാൻ പറഞ്ഞു. "പേടിക്കാൻ മാത്രം അത്ര പ്രശ്നമുണ്ടായോ? അച്ഛൻ (ശ്രീനിവാസൻ) അന്നത്തെ കാലത്ത് സിനിമകളിലൂടെ ഇത്തരം വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അന്ന് കല്ലേറും വീട്ടിൽ കരിഓയിൽ ഒഴിക്കലുമൊക്കെ ഉണ്ടായിട്ടുണ്ട്. അച്ഛൻ ഒരു അഭിമുഖത്തിൽ അങ്കണവാടി ജീവനക്കാരെക്കുറിച്ച് പറഞ്ഞതിനെത്തുടർന്ന് മുന്നൂറോളം പേർ വീടിന് മുന്നിൽ ജാഥയായി വന്നു. അന്ന് അവരോടൊപ്പം സെൽഫിയെടുത്തും ചായ വാങ്ങിക്കൊടുത്തുമാണ് ഞാൻ അത് ഒത്തുതീർപ്പാക്കിയത്," ധ്യാൻ ഓർമ്മിച്ചു.
താൻ കടുത്ത ഒരു വിജയ് ആരാധകനാണെന്നും ധ്യാൻ വ്യക്തമാക്കി. "ഇപ്പോൾ എന്നെ ചീത്ത വിളിക്കുന്ന അവിടുത്തെ 'ജിമിട്ടു പിള്ളേർ' അറിയാത്ത കാലത്ത്, വിജയ് പടങ്ങളുടെ ഫസ്റ്റ് ഡേ ടിക്കറ്റ് ബ്ലാക്കിൽ വിറ്റയാളാണ് ഞാൻ. 'ഗില്ലി'യിലെ 'അപ്പടി പോട്' പാട്ടിനൊക്കെ തിയേറ്ററിൽ ഏറ്റവും മുന്നിലിരുന്ന് ഡാൻസ് കളിച്ച ഫാനാണ് ഞാൻ. 'തേവരി'ന്റെ ഷൂട്ടിംഗ് നടക്കുന്ന ദിവസമാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ ജയിച്ച വാർത്ത അറിഞ്ഞത്. അന്ന് ഞങ്ങൾ സെറ്റിൽ അത് ആഘോഷിച്ചതാണ്," ധ്യാൻ പറഞ്ഞു. കഥയും കാമ്പുമുണ്ടെങ്കിൽ ഏത് സിനിമയും വിജയിക്കുമെന്നും, വിജയ്യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറുമായി തങ്ങൾക്ക് കുടുംബപരമായി നല്ല ബന്ധമാണുള്ളതെന്നും ധ്യാൻ കൂട്ടിച്ചേർത്തു. താൻ പറഞ്ഞ കാര്യങ്ങളെ തമാശയായി എടുക്കുന്നവർക്ക് അത്രയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.