'നിങ്ങളില്ലാത്ത കളി ഇനി ഒരിക്കലും പഴയതുപോലെയായിരിക്കില്ല'; ധോനിയുടെ ഐപിഎൽ വിരമിക്കലിൽ ഹൃദയസ്പർശിയായ കുറിപ്പുകളുമായി ധനുഷും കാർത്തിയും
മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സ് ഇതിഹാസവുമായ എം.എസ്. ധോനി ഐപിഎല്ലിൽ നിന്ന് വിരമിച്ചതിന് പിന്നാലെ വികാരനിർഭരമായ പ്രതികരണങ്ങളുമായി സിനിമാ-കായിക ലോകവും ആരാധകരും. വെറുമൊരു കളിക്കാരനപ്പുറം ജീവിതത്തിന്റെ ഭാഗമായി മാറിയ പ്രിയ താരത്തിന് നന്ദി പറഞ്ഞുകൊണ്ട് തമിഴ് താരങ്ങളായ ധനുഷും കാർത്തിയും പങ്കുവെച്ച കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ചെന്നൈ: മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സ് ഇതിഹാസവുമായ എം.എസ്. ധോനി ഐപിഎല്ലിൽ നിന്ന് വിരമിച്ചതിന് പിന്നാലെ വികാരനിർഭരമായ പ്രതികരണങ്ങളുമായി സിനിമാ-കായിക ലോകവും ആരാധകരും. വെറുമൊരു കളിക്കാരനപ്പുറം ജീവിതത്തിന്റെ ഭാഗമായി മാറിയ പ്രിയ താരത്തിന് നന്ദി പറഞ്ഞുകൊണ്ട് തമിഴ് താരങ്ങളായ ധനുഷും കാർത്തിയും പങ്കുവെച്ച കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ചില കളിക്കാർ നമ്മളെ രസിപ്പിക്കുമെന്നും മറ്റു ചിലർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുമെന്നും എന്നാൽ ധോനി നമുക്കിത് രണ്ടുമായിരുന്നുവെന്നും ധനുഷ് എക്സിൽ കുറിച്ചു. സമ്മാനിച്ച എല്ലാ ഓർമകൾക്കും നന്ദി പറഞ്ഞ താരം, ധോനിയില്ലാതെ ഈ കളി ഇനി ഒരിക്കലും പഴയതുപോലെയായിരിക്കില്ലെന്നും കൂട്ടിച്ചേർത്തു. കളിക്കളത്തിന് പുറത്ത് അദ്ദേഹത്തെ കാണാനായി കാത്തിരിക്കുകയാണെന്നും, ധോനിയുടെ അറിവും ഉപദേശങ്ങളും വരും തലമുറയ്ക്കും പ്രചോദനമേകാൻ തുടർന്നും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കിയ ധനുഷ്, 'യാത്ര പറയട്ടെ ചാംപ്യനേ' എന്ന വരികളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
ഒരു യുവാവ് കൺമുന്നിൽ വെച്ച് ഇതിഹാസമായി വളരുന്നത് കാണാൻ ഭാഗ്യം ലഭിച്ച തലമുറയിലാണ് തങ്ങളുൾപ്പെടുന്നതെന്ന് നടൻ കാർത്തിയും കുറിച്ചു. 'നമ്പർ 7' എന്നത് വെറുമൊരു സംഖ്യയല്ലെന്നും ചെന്നൈയെ സംബന്ധിച്ചിടത്തോളം അതൊരു വികാരവും മറക്കാനാവാത്ത വിജയങ്ങളുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അവസാന നിമിഷം വരെ ഒന്നും അവസാനിക്കുന്നില്ല എന്ന് ദശലക്ഷക്കണക്കിന് ആളുകളെ വിശ്വസിപ്പിച്ച ആ മാന്ത്രിക നിമിഷങ്ങളെക്കുറിച്ചും കാർത്തി വാചാലനായി. കളിക്കളത്തിനകത്തും പുറത്തുമുള്ള വിനയത്തിലൂടെയും മനുഷ്യത്വത്തിലൂടെയും ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ച ധോനി, ജീവിതത്തിൽ എവിടെയായാലും എന്നും തങ്ങളുടെ 'തല' ആയിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കാർത്തി ആശംസകൾ നേർന്നത്.