അന്നാണ് ഫഫയുടെ റേഞ്ചും റീച്ചും എന്താണെന്ന് എനിക്ക് മനസിലായത് ; അനുഭവം പങ്കുവച്ച് രാജമൗലി
സാധാരണക്കാരായ തെലുങ്ക് സിനിമാപ്രേക്ഷകര്‍ക്ക് പോലും ഫഹദിനെ അറിയാമെന്നും അദ്ദേഹത്തെ തെലുങ്ക് സിനിമയിലേക്ക് കൊണ്ടുവരണമെന്ന് താന്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്നു എന്നും രാജമൗലി പറഞ്ഞു.
ഫഹദ് ഫാസിലിന്റെ സിനിമകള്‍ ചില സിനിമാപ്രേമികള്‍ മാത്രമേ കാണുന്നുണ്ടാകുള്ളു എന്നാണ് താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരുതിയിരുന്നത് എന്നും അത് തെറ്റിദ്ധാരണയാണെന്ന് മനസിലായി എന്നും രാജമൗലി പറഞ്ഞു.
ഫഹദ് ഫാസിലിനെ പുകഴ്ത്തി സംവിധായകന്‍ എസ് എസ് രാജമൗലി. ഫഹദ് ഫാസിലിന് തെലുങ്ക് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആരാധകരുണ്ട് എന്ന് പറയുകയാണ് രാജമൗലി. ഫഹദ് ഫാസിലിന്റെ സിനിമകള്‍ ചില സിനിമാപ്രേമികള്‍ മാത്രമേ കാണുന്നുണ്ടാകുള്ളു എന്നാണ് താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരുതിയിരുന്നത് എന്നും അത് തെറ്റിദ്ധാരണയാണെന്ന് മനസിലായി എന്നും രാജമൗലി പറഞ്ഞു.
ഫഹദ് നായകനാകുന്ന തെലുങ്ക് ചിത്രമായ ഡോണ്ട് ട്രമ്പിള്‍ ദ ട്രമ്പിളിന്റെ കേരളത്തില്‍ വെച്ച് നടന്ന പ്രീറിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു രാജമൗലി. സാധാരണക്കാരായ തെലുങ്ക് സിനിമാപ്രേക്ഷകര്‍ക്ക് പോലും ഫഹദിനെ അറിയാമെന്നും അദ്ദേഹത്തെ തെലുങ്ക് സിനിമയിലേക്ക് കൊണ്ടുവരണമെന്ന് താന്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്നു എന്നും രാജമൗലി പറഞ്ഞു.
'ഞാന്‍ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ ഒടിടിയിലൂടെ ഞാന്‍ കണ്ടിട്ടുണ്ട്. ആ സിനിമകളെല്ലാം വലിയ സിനിമാപ്രേമികളോ, പ്രത്യേക ക്ലാസില്‍ നിന്നുള്ള ആളുകളോ മാത്രമേ കാണുന്നുണ്ടാകുള്ളു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ആ ധാരണ തെറ്റായിരുന്നു എന്ന് പിന്നീട് മനസിലായി.
ആറ്-ഏഴ് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. എന്റെ ഭാര്യയുടെ ഒരു ബന്ധു, 55 വയസ്സുള്ള, ചെറിയൊരു ഗ്രാമത്തില്‍ ജീവിക്കുന്ന സ്ത്രീയാണ് അവര്‍, എന്നോട് ഫഫയുടെ സിനിമകള്‍ കാണാറുണ്ടോ എന്ന് ചോദിച്ചു. അന്ന് ഫഫ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. നിങ്ങള്‍ക്ക് ഫഹദ് ഫാസിലിനെ അറിയില്ലേ എന്നായിരുന്നു അവരുടെ മറുചോദ്യം.
അന്നാണ് ഫഫയുടെ റേഞ്ചും റീച്ചും എന്താണെന്ന് എനിക്ക് മനസിലായത്. എലീറ്റ് ഗ്രൂപ്പിന് മാത്രമല്ല ഫഫയെ അറിയുന്നത് എന്ന് തിരിച്ചറിഞ്ഞു. കൊറോണയേക്കാള്‍ വേഗത്തിലാണ് ഫഹദ് ഫാസില്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ പടര്‍ന്ന് പിടിച്ചത് എന്ന് പറയാം, ' രാജമൗലി പറഞ്ഞു.