'അന്ന് എന്റെ ഷര്‍ട്ടൂരി ആ നടന് കൊടുക്കാന്‍ പറഞ്ഞു, തോര്‍ത്ത് മാത്രമുടുത്ത് സെറ്റില്‍ നിന്നു'; ആദ്യകാല അനുഭവം പങ്കുവച്ച് സൂരി

'ആ സംവിധായകന്‍ ഇന്ന് വലിയ നിലയിലാണ്. അദ്ദേഹത്തിന് ഈ സംഭവം ഓര്‍മയുണ്ടാകില്ല.

 

വലിയ കോമഡി നടനുമായുള്ള കോമ്പിനേഷന്‍ സീന്‍ ആയിരുന്നു

സിനിമയിലെ തന്റെ തുടക്കകാലത്ത് സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടന്‍ സൂരി. ഒരു സെറ്റില്‍ വച്ച് തന്റെ ഷര്‍ട്ട് അഴിച്ച് മറ്റൊരു നടന് കൊടുക്കാന്‍ സംവിധായകന്‍ പറഞ്ഞെന്നും വെറും തോര്‍ത്ത് മാത്രം ധരിച്ച് നിന്ന് ഇതെല്ലാം കാണേണ്ടി വന്ന അനുഭവത്തെക്കുറിച്ച് പറയുകയാണ് സൂരി. പുതിയ ചിത്രം മണ്ടാടിയുടെ റിലീസിന് മുന്‍പ് നല്‍കിയ അഭിമുഖത്തിലാണ് സൂരി ഇക്കാര്യം തുറന്ന് പറഞ്ഞത്.

'എന്നെ ഒരു സിനിമയുടെ ചിത്രീകരണത്തിനായി വിളിച്ചു. വലിയ കോമഡി നടനുമായുള്ള കോമ്പിനേഷന്‍ സീന്‍ ആയിരുന്നു. ഷൂട്ടിന് ശേഷം അവര്‍ മോണിറ്റര്‍ നോക്കി. ആ വലിയ നടനും സംവിധായകനും തമ്മില്‍ കാര്യമായ ചര്‍ച്ച തന്നെ നടന്നു. പിന്നീട് എന്നെ വിളിച്ചു. എന്നിട്ട് എന്റെ ഷര്‍ട്ട് അഴിച്ച് മറ്റൊരു നടന് കൊടുക്കാന്‍ പറഞ്ഞു. അവന്‍ ഒരു ശുപാര്‍ശയുടെ വന്ന നടനായിരുന്നു'.

'അത് എന്റെ സ്വന്തം ഷര്‍ട്ടായിരുന്നു. അത് അവന് പാകമാകുന്നത് പോലുമുണ്ടായിരുന്നില്ല. സ്റ്റിച്ച് അഴിച്ച് വലുതാക്കിയാണ് അവന് നല്‍കിയത്. ശേഷം അവര്‍ അത് കോസ്റ്റ്യൂം വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ വെറും തോര്‍ത്ത് മാത്രം ധരിച്ച് നിന്ന് ഇതെല്ലാം കാണുകയായിരുന്നു. തോര്‍ത്ത് മാത്രം ധരിച്ച് ഞാന്‍ എന്റെ ഷര്‍ട്ട് തിരയേണ്ടി വന്നു. ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചതാണ്'.

'ആ സംവിധായകന്‍ ഇന്ന് വലിയ നിലയിലാണ്. അദ്ദേഹത്തിന് ഈ സംഭവം ഓര്‍മയുണ്ടാകില്ല. ഞാന്‍ ആയിരുന്നു ആ നടനെന്നും ഓര്‍ത്തിരിക്കാന്‍ സാധ്യതയില്ല. ഇന്നും എന്റെ ജന്മദിനത്തിലും സിനിമ റിലീസാകുമ്പോഴും അദ്ദേഹം മെസേജ് അയക്കാറുണ്ട്. വിശപ്പും, അപമാനിക്കലുകളും ചതിയുമെല്ലാം എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതെല്ലാം എനിക്ക് ശീലമായി. എന്നെ ചതിച്ചവര്‍ക്കുള്ള സമര്‍പ്പണമാണ് ഇന്നത്തെ എന്റെ വിജയം. ഞാന്‍ മുന്നോട്ട് പോവുകയാണ്', സൂരി കൂട്ടിച്ചേര്‍ത്തു.