സൈജു കുറുപ്പ്–യോഗി ബാബു ചിത്രം ‘ഹരിവരാസന’ത്തിന്റെ ടീസർ പുറത്ത്

 ഭക്തിയും കുടുംബബന്ധങ്ങളും ഉദ്വേഗം നിറഞ്ഞ പോരാട്ടവുമൊക്കെയായി പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി സൈജു കുറുപ്പും യോഗി ബാബുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘ഹരിവരാസന’ത്തിന്റെ ടീസർ പുറത്തിറങ്ങി.

 

 ഭക്തിയും കുടുംബബന്ധങ്ങളും ഉദ്വേഗം നിറഞ്ഞ പോരാട്ടവുമൊക്കെയായി പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി സൈജു കുറുപ്പും യോഗി ബാബുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘ഹരിവരാസന’ത്തിന്റെ ടീസർ പുറത്തിറങ്ങി. സ്വപ്നത്തിൽ കണ്ട അയ്യപ്പൻ സത്യമാണോ എന്ന ചോദ്യമുയർത്തുന്ന ടീസറിൽ ഭക്തിസാന്ദ്രമായ രംഗങ്ങൾക്കൊപ്പം ഉദയനും മണികണ്ഠനും തമ്മിലുള്ള യുദ്ധവും ഉൾപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദിനത്തിൽ ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.

ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. അജിത് വിനായക ഫിലിംസിന്റെയും പനോരമ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ വിനായക അജിത്, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമാണം. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി.ജി. രവി, അഭിരാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പനോരമ മ്യൂസിക്കിനാണ് സംഗീതാവകാശം. സജാദ് കാക്കു ഛായാഗ്രഹണവും അജീഷ് ഇടമൺ എഡിറ്റിങ്ങും നിർവഹിക്കുന്നു. ആർ. ജയചന്ദ്രനാണ് പ്രോജക്ട് ഡിസൈനർ. പനോരമ സ്റ്റുഡിയോസാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തിക്കുന്നത്. ടീസർ പുറത്തുവന്നതോടെ ചിത്രത്തിന്റെ പ്രമേയത്തെയും താരനിരയെയും കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.