ആക്ഷന് പ്രാധാന്യം നല്‍കി തമിഴ് മലയാളം ചിത്രം; 'ഷെയ്ന്‍ നിഗം 27' പോസ്റ്റര്‍
ഷെയ്ൻ നിഗമിനെ നായകനാക്കി പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ്- മലയാളം ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. 'ഷെയ്ൻ നിഗം 27' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, ഷെയ്ൻ നിഗത്തിന്റെ 27-ാമത് ചിത്രമായാണ് ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
മാറുന്ന മലയാള സിനിമയിൽ, യുവത്വത്തിന്റെ ഹരമായി മാറിയ ഷെയ്ൻ നിഗം, വിനോദ ചിത്രങ്ങളിലൂടെയും കലാമൂല്യമുള്ള ചിത്രങ്ങളിലൂടെയും മലയാളത്തിൽ മുൻനിരയിലെത്തിയ യുവതാരമാണ്. 'കുമ്പളങ്ങി നൈറ്റ്‌സ്', 'പറവ', എന്നീ ചിത്രങ്ങളിൽ കാഴ്ചവെച്ച ഗംഭീര പ്രകടനവും 'ആർഡിഎക്‌സ്', 'ബൾട്ടി' പോലുള്ള പുതിയ ചിത്രങ്ങളിൽ നടത്തിയ ആക്ഷൻ പ്രകടനവും വമ്പൻ സ്വീകാര്യതയാണ് അദ്ദേഹത്തിന് പ്രേക്ഷകരുടെ ഇടയിൽ നേടിക്കൊടുത്തത്.
ഇത്തരം മികച്ച ചിത്രങ്ങൾക്ക് ശേഷം വരുന്ന 'ഷെയ്ൻ നിഗം 27' എന്ന പ്രൊജക്ട് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും സൃഷ്ടിച്ചിരിക്കുന്നത്. മലയാളം, തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.