'ഒപ്പിട്ട ചെക്ക് കൈക്കലാക്കി 46 കോടി തട്ടി'; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി രാധ

അംബികയ്ക്കും സഹോദരന്‍ അര്‍ജുനും എതിരെ രാധ പൊലീസില്‍ പരാതി നല്‍കി. 

 

ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ എത്തിയാണ് രാധ പരാതി നല്‍കിയത്.

നടി അംബികയ്ക്കെതിരെ തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തന്റെ അഞ്ച് ചെക്കുകള്‍ മോഷ്ടിച്ച് 46 കോടി രൂപ തട്ടിയെന്നാണ് പരാതി. അംബികയ്ക്കും സഹോദരന്‍ അര്‍ജുനും എതിരെ രാധ പൊലീസില്‍ പരാതി നല്‍കി. 

ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ എത്തിയാണ് രാധ പരാതി നല്‍കിയത്. ചെന്നൈ പോരൂരിലുള്ള തന്റെ ഉടമസ്ഥതയിലുള്ള 'എആര്‍എസ് ഗാര്‍ഡന്‍' എന്ന സ്റ്റുഡിയോയില്‍ നിന്നാണ് ചെക്ക് മോഷ്ടിച്ചതെന്നാണ് ആരോപണം. താന്‍ മുന്‍പ് ഒപ്പിട്ട് ഓഫിസില്‍ സൂക്ഷിച്ചതായിരുന്നു ചെക്കുകള്‍. താന്‍ സ്റ്റുഡിയോയില്‍ ഇല്ലാത്ത സമയത്ത് അംബികയും സഹോദരനും ചേര്‍ന്ന് മോഷ്ടിച്ചുവെന്നാണ് രാധയുടെ പരാതി.

ചില ബില്ലുകളും നികുതികളും അടയ്ക്കുന്നതിനായും പൂന്തോട്ടം പരിപാലിക്കുന്നതിന്റെ ചെലവിനായുമാണ് താന്‍ ചെക്കുകള്‍ ഒപ്പിട്ട് വച്ചിരുന്നതെന്നാണ് രാധ പൊലീസിന് നല്‍കിയ വിശദീകരണം. തന്റെ സ്റ്റുഡിയോയുടെ പേര് മാറ്റിയ ശേഷം ബാങ്കില്‍ നിന്ന് പുതിയ ചെക്ക് ബുക്ക് വാങ്ങിയിരുന്നു. എന്നാല്‍ പഴയ ചെക്കുകള്‍ സൂക്ഷിച്ച് വച്ചിരുന്നു. ഈ പഴയ ചെക്ക് ബുക്കിലെ അഞ്ച് ചെക്കുകള്‍ പണമാക്കാനായി അംബിക ബാങ്കിലെത്തിയതായി ഒരു മെയില്‍ ലഭിച്ചപ്പോഴാണ് താന്‍ മോഷണ വിവരം അറിഞ്ഞതെന്നും രാധ വ്യക്തമാക്കി. പിന്നീട് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ തട്ടിപ്പ് ബോധ്യമായെന്നും രാധ കൂട്ടിച്ചേര്‍ത്തു.