സ്വാസികക്ക് പറ്റിയ ക്യാരക്ടര്‍ ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കും ; തുറന്നുപറഞ്ഞ് നടി

ഞാന്‍ അവരോട് തന്നെ അത് തുറന്നു പറയാറുമുണ്ട്. അത് ഒഴിവാക്കുന്നതിന്റെ ഒരിതാണ്.

 

എടുത്ത സിനിമയിലെ ക്യാരക്ടറൊക്കെ എനിക്ക് ചെയ്യാന്‍ പറ്റുന്നത് തന്നെയാണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ താനാദ്യം ഇല്ലായിരുന്നുവെന്നും അതിലെ രമ്യ നമ്പീശനോ റീമ കല്ലിങ്കലോ ചെയ്ത വേഷങ്ങള്‍ തനിക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്ന് നടി സ്വാസിക. ലാല്‍ ജോസിന്റെ റിയാലിറ്റി ഷോയിലൂടെയാണ് താന്‍ വന്നതെന്നും ആ സമയത്ത് അദ്ദേഹം നല്ലൊരു ക്യാരക്ടര്‍ വരുമ്പോള്‍ തന്നെ വിളിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും നടി പറഞ്ഞു. 

'നമുക്ക് കുറച്ച് പരിചയമുള്ള ഡയറക്ടേഴ്‌സിനോട് ചോദിക്കുമ്പോള്‍ അവര്‍ പറയും അതില്‍ സ്വാസികക്ക് പറ്റിയ ക്യാരക്ടര്‍ ഇല്ലെന്ന്. അങ്ങനെ പറയുന്നത് എന്തിനാ കാരണം ഇപ്പോള്‍ നിങ്ങള്‍ എടുത്ത സിനിമയിലെ ക്യാരക്ടറൊക്കെ എനിക്ക് ചെയ്യാന്‍ പറ്റുന്നത് തന്നെയാണ്. അല്ലാതെ അങ്ങനെ ഒന്നുമില്ല. അത് വെറുതെ നിങ്ങള്‍ ഒഴിവ് പറയുന്നതാണ് എന്നൊക്കെ ഞാനപ്പോള്‍ പറയും. ഞാന്‍ അവരോട് തന്നെ അത് തുറന്നു പറയാറുമുണ്ട്. അത് ഒഴിവാക്കുന്നതിന്റെ ഒരിതാണ്. സ്വാസിക വിളിക്കുമ്പോള്‍ എന്തെങ്കിലും ഭയങ്കരമായിട്ട് തരണ്ടേ എന്നാണ് അവര്‍ പറയുന്നത്. ഭയങ്കരമായിട്ട് തരണ്ട നല്ലൊരു സാധനം തന്നാല്‍ മതിയെന്നും, നിങ്ങളുടെ ഈ സിനിമയിലുള്ള ഈ ക്യാരക്ടേഴ്‌സിലെ ഒരെണ്ണം തന്നാല്‍ മതിയെന്നും ഞാന്‍ പറയാറുണ്ട്', സ്വാസിക പറഞ്ഞു.

'പണ്ട് ലാല്‍ ജോസ് സാറിന്റെ സിനിമയായ അയാളും ഞാനും തമ്മിലിലേക്ക് അദ്ദേഹം എന്നെ വിളിച്ചു, ഞാന്‍ ആ ക്യാരക്ടര്‍ ചെയ്തു. പക്ഷേ അതിനു മുമ്പ് ആ സിനിമ തുടങ്ങിയ സമയത്ത് ഞാന്‍ ആ സിനിമയില്‍ ഇല്ലായിരുന്നു. അതില്‍ ഓള്‍റെഡി റീമ, രമ്യ നമ്പീശന്‍, സംവൃത സുനില്‍ ഉണ്ടല്ലോ. അപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചിരുന്നു സാര്‍ അതിലെ ഏതെങ്കിലും ഒരു ക്യാരക്ടര്‍ തരുമോയെന്ന്. ഇല്ല ഇതില്‍ സ്വാസികക്ക് ചെയ്യാന്‍ പറ്റുന്ന ക്യാരക്ടര്‍ ഒന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് അതൊരു പ്രശ്‌നമായിട്ട് തോന്നിയില്ല. പക്ഷേ പിന്നീട് ഞാന്‍ ആലോചിച്ചപ്പോള്‍ അതങ്ങനെ അല്ലെന്ന് എനിക്ക് തോന്നി. രമ്യ ചെയ്ത ആ ഡോക്ടറിന്റെ ക്യാരക്ടര്‍ അല്ലെങ്കില്‍ റീമ ചെയ്ത ആ ക്യാരക്ടര്‍ എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ. അല്ലാതെ അത് എനിക്ക് ചെയ്യാന്‍ പറ്റാത്ത ക്യാരക്ടറോ അല്ലെങ്കില്‍ അങ്ങനെയൊന്നില്ല. പക്ഷേ എന്തോ അതൊന്നും എനിക്ക് കിട്ടിയില്ല' സ്വാസിക പറഞ്ഞു.