2 ദിവസത്തിനുള്ളില്‍ സ്ട്രീമിങ് നിര്‍ത്തി 'സത്ലജ്'

ചിത്രം നീക്കം ചെയ്യപ്പെടുമെന്ന ഭയം നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് നായകന്‍ ദില്‍ജിത് ദോസഞ്ച് ഒരു സോഷ്യല്‍ മീഡിയ ലൈവിനിടെ സൂചിപ്പിച്ചിരുന്നു.

 

ചിത്രത്തിലെ ചിലഭാഗങ്ങള്‍ ദേശവിരുദ്ധ ശക്തികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് സിനിമ നീക്കംചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സിഖ് മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ജസ്വന്ത് സിങ് ഖല്‍റയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയാണ് സത്ലജ്. ദില്‍ജിത് ദോസഞ്ച് നായകനായി എത്തിയ സിനിമ സെന്‍സര്‍ ബോര്‍ഡുമായുള്ള പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം സീ 5 വിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ട്രീമിങ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമില്‍ നിന്ന് സിനിമ പിന്‍വലിച്ചിരിക്കുകയാണ്.


ചിത്രത്തിലെ ചിലഭാഗങ്ങള്‍ ദേശവിരുദ്ധ ശക്തികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് സിനിമ നീക്കംചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഇന്ത്യയില്‍ ഇനി മുതല്‍ ലഭ്യമാകില്ലെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5 അറിയിച്ചു. ദില്‍ജിത് ദോസാഞ്ച് നായകനായ ഈ ചിത്രത്തിന് 'പഞ്ചാബ് 95' എന്നാണ് ആദ്യം പേരിട്ടിരുന്നത്. ചിത്രം 2022-ല്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചപ്പോള്‍ 127 കട്ടുകളും പേരുമാറ്റവും ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. സിനിമയുടെ അണ്‍സെന്‍സേര്‍ഡ് വേര്‍ഷന്‍ ആണ് ഒടിടിയിലൂടെ പുറത്തുവന്നത്. ഇന്ത്യയില്‍ ചിത്രം തടഞ്ഞെങ്കിലും, വിദേശ രാജ്യങ്ങളില്‍ 'ZEE5 ഗ്ലോബല്‍' വഴി ചിത്രം ഇപ്പോഴും ലഭ്യമാണ്.


ചിത്രം നീക്കം ചെയ്യപ്പെടുമെന്ന ഭയം നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് നായകന്‍ ദില്‍ജിത് ദോസഞ്ച് ഒരു സോഷ്യല്‍ മീഡിയ ലൈവിനിടെ സൂചിപ്പിച്ചിരുന്നു. അതിനാല്‍ ആരാധകര്‍ അത് ഡൗണ്‍ലോഡ് ചെയ്ത് വെക്കണമെന്നും അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു. ദില്‍ജിത് ദോസാഞ്ചിനെ കൂടാതെ അര്‍ജുന്‍ രാംപാല്‍, കന്‍വാള്‍ജിത് സിങ്, സുവിന്ദര്‍ വിക്കി, ഗീതിക വിദ്യ ഓല്യന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹണി ട്രഹാന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.