സൂര്യ-ജിത്തു മാധവന്‍ പടം കോമഡി ത്രില്ലര്‍; സൂചന നല്‍കി നെറ്റ്ഫ്ലിക്സ്
സിനിമയുടെ തിയേറ്റര്‍ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ സിനിമ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരും.
സിനിമയുടെ സ്ട്രീമിങ് അവകാശം ഷൂട്ടിംഗ് തീരുന്നതിന് മുന്‍പ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്.
ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ സൂര്യയുമായി ഒന്നിക്കുന്ന ചിത്രമാണ് സൂര്യ 47 . വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്. സിനിമയില്‍ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ച.
സിനിമയുടെ സ്ട്രീമിങ് അവകാശം ഷൂട്ടിംഗ് തീരുന്നതിന് മുന്‍പ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റര്‍ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ സിനിമ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരും. ഇതോടൊപ്പം സിനിമയെക്കുറിച്ചുള്ള ഒരു സൂചന കൂടി നെറ്റ്ഫ്ലിക്സ് നല്‍കിയിട്ടുണ്ട്. 'ഒട്ടും സീരിയസ് അല്ലാത്ത ടീമിനൊപ്പം സീരിയസ് ആയ ഒരു കുറ്റകൃത്യത്തെ തേടിയിറങ്ങുന്നു' എന്നാണു സിനിമയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് കുറിച്ചിരിക്കുന്നത്. ത്രില്ലിനും ആക്ഷനുമൊപ്പം ഒരു പക്കാ ഫണ്‍ സിനിമ കൂടിയാകും സൂര്യ 47 എന്ന സൂചന കൂടി ഇത് നല്‍കുന്നുണ്ട്. ജിത്തു മാധവിനൊപ്പം നസ്ലെനും സുഷിന്‍ ശ്യാമും സിനിമയില്‍ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയില്‍ എത്തുന്നത്. സുഷിന്‍ ശ്യാം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
സൂര്യയുടെ ഒരു കിടിലന്‍ റോള്‍ തന്നെ പ്രതീക്ഷിക്കാം എന്ന സന്തോഷത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. ആവേശത്തിന് ശേഷം ജീത്തു ഒരുക്കുന്ന സിനിമ ആയതിനാല്‍ തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുന്നത്.