ട്രോളുകൾക്ക് മറുപടി പറയാനും സോഷ്യൽ മീഡിയയിലെ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാനും സമയം കളയേണ്ടതില്ല ; സൂര്യ
ട്രോളുകൾക്ക് മറുപടി പറയാനും സോഷ്യൽ മീഡിയയിലെ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാനും സമയം കളയേണ്ടതില്ലെന്ന് നടൻ സൂര്യ. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളുടെ തുടർവിജയത്തിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ പ്രതികരണം. ആരാധകർക്കിടയിലെ സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയ പോരുകളും ശക്തമാകുന്ന സാഹചര്യത്തിൽ, മറ്റുള്ളവരുടെ അഭിപ്രായം മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ താൻ സ്നേഹിക്കുന്ന കാര്യങ്ങൾ ആത്മാർഥമായി പിന്തുടരുന്നതിലാണ് ശ്രദ്ധ നൽകേണ്ടതെന്നും സൂര്യ പറഞ്ഞു. ‘ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ്ബ്’ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയയിൽ ഒരു മണ്ടൻ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോൾ നമ്മൾ അതിൽ ഇടപെട്ടാൽ നമ്മളും മണ്ടന്മാരായി മാറുകയും വേദനിക്കാനിടയാകുകയും ചെയ്യുമെന്ന് സൂര്യ പറഞ്ഞു. “നമുക്ക് നമ്മളായിരിക്കാം, അവർ അവരായിരിക്കട്ടെ; നമ്മൾ ഒന്നും പറയേണ്ട ആവശ്യമില്ല. അവരെ മനസ്സിലാക്കിക്കാനോ അവരുടെ അഭിപ്രായങ്ങൾ മാറ്റാനോ ശ്രമിക്കുന്നത് ബുദ്ധിമുട്ടാണ്. ചിലർ അത് മനസ്സിലാക്കിയേക്കാം, പക്ഷേ വലിയൊരു വിഭാഗം മനസ്സിലാക്കില്ല. നിങ്ങളുടെ ഊർജം പാഴാക്കരുത്. നിങ്ങൾ സ്നേഹിക്കുന്നത് ആത്മാർഥമായി അനുദിനം പിന്തുടർന്നാൽ വിജയം തീർച്ചയായും നിങ്ങളെ തേടിയെത്തും” എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.
സൂര്യയുടെ പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളും ഉയർന്നു. ‘മണ്ടന്മാർ’ എന്ന വാക്ക് ഉപയോഗിച്ചതിനെ ഒരുവിഭാഗം വിമർശിച്ചപ്പോൾ, ശത്രുക്കളോട് പോലും സ്നേഹം കാണിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്നതാണ് വേണ്ടതെന്ന അഭിപ്രായവും ഉയർന്നു. അതേസമയം, തെറ്റായ പ്രചാരണങ്ങളെ എതിർക്കാതിരുന്നാൽ തെറ്റായ ചിന്താഗതികൾ വളരാൻ ഇടയാക്കുമെന്ന വാദവും ഉണ്ടായി. സൂര്യയുടെ ആരാധകർ താരത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്തു. “ഇത് നിങ്ങളെ ചൊടിപ്പിക്കുന്നുവെങ്കിൽ, അഭിനന്ദനങ്ങൾ! അദ്ദേഹം ഉദ്ദേശിച്ച കൃത്യമായ മണ്ടൻ നിങ്ങളാണ്” എന്ന തരത്തിലുള്ള പ്രതികരണങ്ങളും റെഡ്ഡിറ്റിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടു.
വലിയ താരങ്ങളുടെ സിനിമകൾ പുറത്തിറങ്ങുമ്പോൾ എതിരാളി ആരാധകർ തമ്മിലുള്ള അധിക്ഷേപങ്ങളും സോഷ്യൽ മീഡിയ തർക്കങ്ങളും പതിവായ സാഹചര്യത്തിലാണ് സൂര്യയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നത്. വിജയ്-അജിത് കുമാർ ആരാധകർ തമ്മിലുള്ള വർഷങ്ങളായുള്ള പോരുകൾക്കും ഇതേ പശ്ചാത്തലമുണ്ട്. സിനിമയ്ക്കൊപ്പം സ്വന്തം ജീവിതത്തിലും കാര്യങ്ങളിലും ശ്രദ്ധ നൽകണമെന്ന് അജിത് കുമാറും നേരത്തെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. നസ്രിയ നായികയാകുന്ന ചിത്രത്തിൽ നസ്ലിനും പ്രധാന വേഷത്തിലുണ്ട്. സംഗീതം സുഷിൻ ശ്യാമാണ്.